കോഴിക്കോട്– നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, കേരളത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ. 140 അംഗ നിയമസഭയിൽ 89 സീറ്റുകൾ നേടി യുഡിഎഫ് ഭരണം പിടിക്കുമെന്നാണ് അൻവറിന്റെ പ്രവചനം. താൻ നടത്തിയ സർവ്വേയിൽ 86 സീറ്റുകൾ യുഡിഎഫ് ഉറപ്പിച്ചതായും എക്സിറ്റ് പോൾ ഫലങ്ങൾ തന്റെ കണക്കുകൂട്ടലുകളെ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിലല്ല, മറിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാകും ഇത്തവണ അധികാരത്തിൽ വരികയെന്നും അൻവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളത്തിൽ നിലനിൽക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരമാണ് യുഡിഎഫിന് തുണയാകുകയെന്ന് അൻവർ നിരീക്ഷിച്ചു. ‘പിണറായിസം’ ആണ് ഇത്തവണത്തെ പ്രധാന ചർച്ചാവിഷയമായത്. 2021-ലെ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും പിണറായി വിജയന് അനുകൂലമായ ഒരു വോട്ട് ബാങ്ക് ഉണ്ടായിരുന്നുവെങ്കിൽ, 2026-ൽ കാര്യങ്ങൾ തികച്ചും വിപരീതമായാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പാർട്ടി ചുരുങ്ങിയെന്നും പാർട്ടി സെക്രട്ടറി അതിന് കൂട്ടുനിന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിരുദ്ധ വോട്ടുകൾ എല്ലാ മണ്ഡലങ്ങളിലും വൻതോതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സി.പി.ഐ.എം പ്രാദേശിക ഘടകങ്ങൾ നൽകുന്ന കണക്കുകൾ വെറും ജില്ലാ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ളവ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചതിനാൽ ബിജെപിയുടെ വോട്ട് വിഹിതം കുറയുമെന്ന് അൻവർ പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പരാജയപ്പെടുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, റിയാസിന് 65,000-ൽ കൂടുതൽ വോട്ട് ലഭിക്കില്ലെന്നും വ്യക്തമാക്കി. താൻ ബേപ്പൂരിൽ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. താൻ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കാൻ തയ്യാറാണെന്നും, പരാജയപ്പെട്ടാൽ മൊട്ടയടിക്കാമെന്ന് റിയാസ് കരാർ വെക്കാൻ തയ്യാറുണ്ടോ എന്നും അൻവർ വെല്ലുവിളിച്ചു.



