വത്തിക്കാൻ സിറ്റി– യുദ്ധത്തിനെതിരെ താൻ ഇനിയും ശബ്ദമുയർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി പോപ്പ് ലിയോ പതിനാലാമൻ. ലോകത്ത് സമാധാനവും ചർച്ചകളുമാണ് ഉണ്ടാകേണ്ടതെന്നും താൻ ഒരു രാഷ്ട്രീയക്കാരനല്ലാത്തതിനാൽ ട്രംപുമായി രാഷ്ട്രീയ സംവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരപരാധികൾ കൊലചെയ്യപ്പെടുന്നത് അവസാനിപ്പിക്കാൻ ആരെങ്കിലും ശബ്ദമുയർത്തേണ്ടതുണ്ടെന്നും വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവെ, അക്രമം അവസാനിപ്പിക്കാൻ പോപ്പ് ലോകനേതാക്കളോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പണത്തിനോടും അധികാരത്തോടുമുള്ള ആർത്തിയും യുദ്ധവും അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. എന്നാൽ ഈ സമാധാനാഭ്യർത്ഥന പുറത്തുവന്നതിന് പിന്നാലെ പോപ്പിനെതിരെ രൂക്ഷവിമർശനവുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. താൻ പോപ്പിന്റെ ഒരു ആരാധകനല്ലെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം.
പോപ്പ് ലിയോ പതിനാലാമൻ അമിതമായി ലിബറൽ ചിന്താഗതി പുലർത്തുന്ന വ്യക്തിയാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ അദ്ദേഹം വിശ്വസിക്കുന്നില്ലെന്നും മേരിലാൻഡിൽ വെച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനെപ്പോലെ ആണവായുധം ആഗ്രഹിക്കുന്ന രാജ്യങ്ങളുമായാണ് പോപ്പ് ഇടപെടുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി അദ്ദേഹം വീണ്ടും പോപ്പിനെതിരെ രംഗത്തെത്തി. ഇറാൻ ആണവായുധം കൈവശം വെക്കുന്നതിനെ പിന്തുണയ്ക്കുന്ന ഒരു പോപ്പിനെ തനിക്ക് ആവശ്യമില്ലെന്നായിരുന്നു ട്രംപിന്റെ കുറിപ്പ്. ഇതിനെല്ലാമുള്ള മറുപടിയായാണ് സമാധാന ചർച്ചകളുടെ പ്രസക്തി ചൂണ്ടിക്കാട്ടി പോപ്പ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.



