ജമൂയി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. രാഹുൽ ഗാന്ധി ‘വ്യാമോഹ ലോകത്താണ്’ ജീവിക്കുന്നതെന്നും മുൻകാല തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ അദ്ദേഹം തയാറാകാത്തതാണ് എൻ.ഡി.എയുടെ തുടർച്ചയായ വിജയങ്ങൾക്ക് വഴിയൊരുക്കുന്നതെന്നും ചിരാഗ് പാസ്വാൻ കുറ്റപ്പെടുത്തി. ബിഹാറിലെ ജമൂയിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങൾ വിശദീകരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടിട്ടില്ലെന്നും 2029ലെ തെരഞ്ഞെടുപ്പിൽ ഇതിനകം തന്നെ വിജയിച്ചുകഴിഞ്ഞെന്നുമുള്ള രാഹുൽ ഗാന്ധിയുടെ സമീപകാല പരാമർശത്തെ പരിഹസിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ കടന്നാക്രമണം. രാഹുൽ ഗാന്ധി സ്വന്തം മനസ്സിനെ വിശ്വസിച്ച് വ്യാമോഹത്തിൽ കഴിയുകയാണെന്നും അങ്ങനെ വിശ്വസിക്കുന്നതിൽ ആർക്കും കേടില്ലെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ രാഹുൽ ഗാന്ധിക്ക് അമേരിക്കൻ പ്രസിഡന്റായോ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായോ ഒക്കെ സ്വയം സങ്കൽപ്പിക്കാമെന്നും അതിനാരും തടസ്സം നിൽക്കാൻ പോകുന്നില്ലെന്നും ചിരാഗ് പാസ്വാൻ പരിഹസിച്ചു.
ഇത്തരം ചിന്താഗതികൾ സ്വന്തം തെറ്റുകൾ തിരുത്തുന്നതിനും സ്വയം വിലയിരുത്തുന്നതിനും തടസ്സമാകുമെന്ന് പാസ്വാൻ ചൂണ്ടിക്കാട്ടി. വ്യാമോഹത്തിൽ ജീവിക്കുന്നവർ കഠിനാധ്വാനം ചെയ്യാൻ മടിക്കുമെന്നും അതുകൊണ്ടാണ് തെറ്റുകൾ ആവർത്തിക്കപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റെ തുടർച്ചയായ പരാജയങ്ങൾക്ക് കാരണം അവരുടെ പോരായ്മകൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ സാധിക്കാത്തതാണ്. എന്നാൽ പ്രധാനമന്ത്രിയുടെ ജനപ്രീതിയിലും എൻ.ഡി.എ സർക്കാരിന്റെ വികസന നയങ്ങളിലും രാജ്യത്തെ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യ (INDIA) മുന്നണിയിലെ ആഭ്യന്തര ഭിന്നതകളെയും കേന്ദ്രമന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന്റെ സഖ്യം വെറും അവസരവാദ രാഷ്ട്രീയമാണ്. ഒരു വശത്ത് പശ്ചിമ ബംഗാളിൽ മമതാ ബാനർജിയെ പരസ്യമായി ചീത്തവിളിച്ച പ്രതിപക്ഷ നേതാക്കൾ, തൊട്ടടുത്ത ആഴ്ച അവരെ കെട്ടിപ്പിടിക്കുന്ന രാഷ്ട്രീയ നാടകമാണ് കളിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രതിപക്ഷ സഖ്യം ഒരു മുറിക്കുള്ളിലിരുന്ന് ഒത്തുകൂടും. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇവർ വീണ്ടും ഭിന്നിച്ചു പിരിയുകയാണ് പതിവ്. അധികാരമോഹികളുടെ ഈ സഖ്യം തെറ്റുകളിൽ നിന്ന് പഠിക്കാൻ തയാറാകാത്തതിനാൽ അടുത്ത 30-40 വർഷത്തേക്ക് പ്രതിപക്ഷത്തിന് രാജ്യത്ത് ഒരു തിരിച്ചുവരവ് സാധ്യമാകില്ലെന്നും ചിരാഗ് പാസ്വാൻ പ്രവചിച്ചു.
കഴിഞ്ഞ ജൂൺ 13-ന് രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പാണ് പുതിയ രാഷ്ട്രീയ പോരിന് വഴിവെച്ചത്. ഇന്ത്യയുടെ ആത്മാവ് പ്രതിസന്ധിയിലാവുകയും ഭരണഘടനാ സ്ഥാപനങ്ങൾ കൈയടക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഐക്യത്തോടെയുള്ള പ്രതിരോധം മാത്രമാണ് വഴിയെന്നും, 2024ലെ തെരഞ്ഞെടുപ്പിൽ നമ്മൾ തോറ്റിട്ടില്ലെന്നും 2029ലെ തെരഞ്ഞെടുപ്പിൽ ഇതിനകം വിജയിച്ചു കഴിഞ്ഞു എന്നുമായിരുന്നു രാഹുലിന്റെ അവകാശവാദം. ഇതിനെതിരെയാണ് ഇപ്പോൾ കേന്ദ്രമന്ത്രി ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.



