ഗാസയില്‍ ആയിരക്കണക്കിന് ആളുകളെ കാണാതായി
ഗാസ – യുദ്ധത്തില്‍ കൊല്ലപ്പെട്ട് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന പതിനായിരത്തിലേറെ പേരുടെ മൃതദേഹങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലുകള്‍ ഏറെ ദുഷ്‌കരവും ബുദ്ധിമുട്ടേറിയതുമായ ദൗത്യമാണെന്ന് ഗാസ സിവില്‍ ഡിഫന്‍സ് പറഞ്ഞു. ഇസ്രായിലിന്റെ മാരകായുധ പ്രയോഗം കാരണം നിരവധി മൃതദേഹങ്ങള്‍ ആവിയായിപ്പോയിട്ടുണ്ട്. ഗാസയിലെ തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനായിരത്തിലേറെ പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട, യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കില്‍ ഇവരെ ചേര്‍ത്തിട്ടില്ല.
സ്‌ഫോടന സ്ഥലത്തുള്ളതെല്ലാം ഉരുക്കിക്കളയുന്ന, 7,000 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 9,000 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില സൃഷ്ടിക്കുന്ന ആയുധങ്ങള്‍ ഇസ്രായിലി സൈന്യം ഉപയോഗിച്ചതിനാല്‍ 2,840 പേരുടെ മൃതദേഹങ്ങള്‍ ഒരിക്കലും കണ്ടെത്താനാകാത്ത നിലക്ക് ആവിയായിപ്പോയതായി സിവില്‍ ഡിഫന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായില്‍ യുദ്ധം ആരംഭിച്ച ശേഷം സഹായം തേടിയുള്ള അഞ്ചുല ലക്ഷത്തിലേറെ കോളുകള്‍ സിവില്‍ ഡിഫന്‍സില്‍ ലഭിച്ചു. ഇന്ധനത്തിന്റെ അഭാവവും ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണങ്ങളും കാരണവും സഹായം തേടിയുള്ള കോളുകള്‍ ലഭിക്കുന്ന പ്രദേശങ്ങളില്‍ പ്രവേശിക്കാനും ഫീല്‍ഡ് ദൗത്യങ്ങള്‍ ഏകോപിപ്പിക്കാനും സാധിക്കാത്തതിനാലും അര ലക്ഷത്തിലേറെ സഹായം തേടിയുള്ള കോളുകളില്‍ പറഞ്ഞ സ്ഥലത്ത് എത്തിച്ചേരാന്‍ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ക്ക് കഴിഞ്ഞില്ല.
ഇസ്രായില്‍ സൈന്യം ലക്ഷ്യമിട്ട സ്ഥലങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നുമായി 38,000 ലേറെ മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ കണ്ടെടുത്തു. ഏകദേശം 97,000 പരിക്കേറ്റവരെ രക്ഷപ്പെടുത്തി. പതിനൊന്നായിരത്തിലേറെ രോഗികളെ ആശുപത്രികളിലേക്ക് നീക്കി. ഗാസയിലെ സിവില്‍ ഡിഫന്‍സ് സംവിധാനത്തിന്റെ ശേഷിക്കും അപ്പുറമുള്ള, യുദ്ധം അവശേഷിപ്പിച്ച വിനാശകരമായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്നതിന് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘങ്ങളെ അവരുടെ ഉപകരണങ്ങളുമായി ഗാസയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് സിവില്‍ ഡിഫന്‍സ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
യുദ്ധത്തില്‍ 99 സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ കൊല്ലപ്പെടുകയും 319 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പതിനേഴ് സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തി. ഇതില്‍ പതിനാലെണ്ണം പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. 61 വാഹനങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. സിവില്‍ ഡിഫന്‍സ് ജീവനക്കാരില്‍ 48 ശതമാനം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. സിവില്‍ ഡിഫന്‍സിന്റെ 85 വാഹനങ്ങള്‍ നഷ്ടപ്പെട്ടതായും ഗാസ സിവില്‍ ഡിഫന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.