ജിദ്ദ – കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഫ്‌ളൈറ്റ് സമയം ഉറപ്പുവരുത്താന്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പായി യാത്രക്കാര്‍ വിമാന കമ്പനികളുമായി ആശയവിനിമയം നടത്തണമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആവശ്യപ്പെട്ടു. കനത്ത മഴ ചില വിമാന സര്‍വീസുകള്‍ക്ക് കാലതമാസം നേരിടാന്‍ ഇടയാക്കിയേക്കും. കാലാവസ്ഥാ സംഭവവികാസങ്ങള്‍ നിരീക്ഷിക്കണമെന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പായി വിമാന കമ്പനിയുമായി ഏകോപനം നടത്തി യാത്ര ക്രമീകരിക്കണമെന്നും യാത്രക്കാരോട് ജിദ്ദ എയര്‍പോര്‍ട്ട് ആഹ്വാനം ചെയ്തു.
മക്ക പ്രവിശ്യയില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതോടെ പ്രവിശ്യയിയില്‍ റെഡ് ക്രസന്റ് അതീവ ജാഗ്രത ഉയര്‍ത്തി. അടിയന്തിര സാഹചര്യങ്ങളിലും അപകടങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും റെഡ് ക്രസന്റിനു കീഴിലെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററും ആംബുലന്‍സ് കേന്ദ്രങ്ങളും റെസ്‌പോണ്‍സ് സംഘങ്ങളും പൂര്‍ണ സുസജ്ജമാണ്. മഴ ആംബുലന്‍സ് സേവനങ്ങളെ ബാധിച്ചിട്ടില്ല.
മക്ക പ്രവിശ്യയില്‍ 98 റെഡ് ക്രസന്റ് ആംബുലന്‍സ് സെന്ററുകളാണുള്ളത്. പ്രവിശ്യയില്‍ റെഡ് ക്രസന്റിനു കീഴില്‍ ഡോക്ടര്‍മാരും സ്‌പെഷ്യലിസ്റ്റുകളും ടെക്‌നീഷ്യന്മാരും അടക്കം 1,420 ജീവനക്കാരുണ്ട്. ആംബുലന്‍സുകളും അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള വാഹനങ്ങളും ഉപകരണങ്ങളും അടക്കം 149 വാഹനങ്ങളുമുണ്ട്. ഗ്രൗണ്ട് ആംബുലന്‍സ് സേവനങ്ങള്‍ക്ക് പിന്തുണയായി എയര്‍ ആംബുലന്‍സ് സേവനവും ലഭ്യമാണ്.
ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ സൗദി പൗരന്മാരും വിദേശികളും പാലിക്കുകയും കാലാവസ്ഥാ ചാഞ്ചാട്ടങ്ങളില്‍ ജാഗ്രത കാണിക്കുകയും അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗതാഗത സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുകയും വേണം. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ നിന്നും മലവെള്ളപ്പാച്ചിലുണ്ടാകുന്ന താഴ്‌വരകളില്‍ നിന്നും അകന്നുനില്‍ക്കണം. ആവശ്യമുള്ളവര്‍ക്ക് ഏറ്റവും ഭംഗിയായി മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതിന് ആംബുലന്‍സ് സംഘങ്ങള്‍ക്കു മുന്നില്‍ എല്ലാവരും വഴിയൊരുക്കണം. അടിയന്തിര സാഹചര്യങ്ങളില്‍ ഏകീകൃത നമ്പറായ 997 ല്‍ ബന്ധപ്പെട്ടും അസ്അഫ്‌നീ ആപ്പ് വഴിയും ബന്ധപ്പെട്ട് എല്ലാവരും സഹായം തേടണമെന്നും റെഡ് ക്രസന്റ് ആവശ്യപ്പെട്ടു. ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ജൗഫ്, ഹായില്‍, മദീന, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, റിയാദ്, മക്ക, അല്‍ബാഹ, തബൂക്ക് എന്നീ പ്രവിശ്യകളില്‍ ഇന്ന് മഴക്കു സാധ്യതയുള്ളതായും ഉത്തര സൗദിയില്‍ മഞ്ഞുവീഴ്ചക്ക് സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു.