ജിദ്ദ – ജിദ്ദയിലും മക്കയിലും ജനജീവിതം നിശ്ചലമാക്കി കനത്ത മഴ. സമീപകാലത്തെ ഏറ്റവും വലിയ മഴക്കാണ് ഇന്നലെ രാത്രി ജിദ്ദ സാക്ഷ്യം വഹിച്ചത്. ജിദ്ദയില്‍ നിരവധി റോഡുകള്‍ വെള്ളത്തിലായി. സബ്ഈന്‍ സ്ട്രീറ്റിലെ അടിപ്പാത വെള്ളത്തില്‍ മുങ്ങി. പ്രിന്‍സ് മാജിദ് റോഡും ഫലസ്തീന്‍ സ്ട്രീറ്റും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ അടിപ്പാത വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് താല്‍ക്കാലികമായി പൂര്‍ണമായും അടച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. നഗരത്തിലെ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സിവില്‍ ഡിഫന്‍സും ട്രാഫിക് പോലീസും ജിദ്ദ നഗരസഭയും അടക്കമുള്ള വകുപ്പുകള്‍ക്കു കീഴിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നഗരത്തില്‍ വിന്യസിച്ചിരുന്നു. പുലര്‍ച്ചെ രണ്ടര വരെ ജിദ്ദയില്‍ മഴ നീണ്ടുനിന്നു. ഇന്നലെ അര്‍ധരാത്രിയോടെ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് ജിദ്ദയില്‍ മഴ ആരംഭിച്ചത്.
മക്കയിലും ഇന്നലെ രാത്രി കനത്ത മഴ പെയ്തു. ശക്തമായ മഴ വകവെക്കാതെ വിശുദ്ധ ഹറമില്‍ കഅ്ബാലയത്തോടു ചേര്‍ന്ന തുറന്ന മതാഫില്‍ വിശ്വാസികള്‍ ഇശാ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. മക്കയില്‍ ചില ഡിസ്ട്രിക്ടുകളില്‍ മലവെള്ളപ്പാച്ചിലുമുണ്ടായി. ഇടിമിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് മക്കയില്‍ മഴ പെയ്തത്.
മക്ക, ബഹ്‌റ, അല്‍കാമില്‍, ജുമൂം, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ ഇന്ന് സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നു.
മക്ക പ്രവിശ്യയില്‍ പെട്ട ഖുന്‍ഫുദക്ക് കിഴക്കുള്ള ഏതാനും പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. ഇവിടങ്ങളില്‍ ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍ ശൃംഖലകളും പ്രവര്‍ത്തനരഹിതമാണ്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചതാണ് പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങാന്‍ ഇടയാക്കിയത്. സബ്തല്‍ജാറ, ഖമീസ് ഹറബ്, സലസാ അല്‍ഖറം, അല്‍മുദൈലിഫ് എന്നിവിടങ്ങളിലെ വിവിധ ഗ്രാമങ്ങളിലാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലേക്കെല്ലാം വൈദ്യുതി വിതരണം ചെയ്യുന്നത് സബ്തല്‍ജാറ വൈദ്യുതി നിലയത്തില്‍ നിന്നാണ്.
വൈദ്യുതി മുടങ്ങിയതോടെ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും നിലക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ മുടങ്ങിയ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. തകരാറ് എത്രയും വേഗം പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനിയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പകല്‍ സമയത്ത് ഇപ്പോഴും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വൈദ്യുതിയും ടെലികോം സേവനങ്ങളുമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ സൗദി ഇലക് ട്രിസിറ്റി എമര്‍ജന്‍സി സംഘങ്ങള്‍ തീവ്രശ്രമം നടത്തിവരികയാണ്.