ജിദ്ദ- ആകാശത്തുനിന്ന് പൂത്തിരി കത്തിച്ച് ഭൂമിയിൽ വീണു പൊട്ടിച്ചിതറിയ അവസ്ഥയായിരുന്നു ഏതാനും നിമിഷം മുമ്പ് വരെ ജിദ്ദയുടെ പലഭാഗത്തുമുണ്ടായ അവസ്ഥ. പെരുമഴയും അകമ്പടിയായി കനത്ത ഇടിയും മിന്നലും. ജിദ്ദയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയിൽ വെള്ളക്കെട്ടുകൾ നിറഞ്ഞു. മിന്നലേറ്റ് ഫൈസലിയ ഭാഗത്ത് കെട്ടിടത്തിന് തീപ്പിടിച്ചതായി വാർത്തയുണ്ട്.
ഇന്ന് ജിദ്ദയിൽ മഴ പെയ്യുമെന്ന് ഇന്നലെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. മഴക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ ജിദ്ദയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
മക്കയിലും വിശുദ്ധ ഹറമിലും ഇന്ന് കനത്ത മഴ പെയ്തു. ഹറമിൽ ഇശാ നമസ്കാരത്തിനിടെയാണ് കനത്ത മഴ പെയ്തത്. ഹറമിൽ കനത്ത മഴയിലും ആളുകൾ നമസ്കാരം നിർവഹിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ജിദ്ദ അൽ നസീം ഭാഗത്തും കനത്ത മഴ രേഖപ്പെടുത്തി. ആളുകൾ മഴയിൽ റോഡിലിറങ്ങി വാഹനങ്ങൾ കറങ്ങുന്നതിന്റെയും മറ്റും വീഡിയോയും സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പോസ്റ്റ് ചെയ്തു.