ന്യൂയോർക്ക് – ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ സൗദി ക്ലബ്ബ്, ഹാര്‍വാര്‍ഡ് യൂനിവവേഴ്‌സിറ്റി, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റി, ടഫ്റ്റ്‌സ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ബിരുദധാരികളെ ആദരിക്കുന്ന ചടങ്ങ് ഹാര്‍വാര്‍ഡ് കാമ്പസില്‍ സംഘടിപ്പിച്ചു.
അമേരിക്കയിലെ സൗദി എംബസി പബ്ലിക് ഡിപ്ലോമസി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് ഖശ്ആന്‍ ചടങ്ങില്‍ സംബന്ധിച്ചു. വിഷന്‍ 2030 ന്റെ ഭാഗമായി സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന പരിവര്‍ത്തനങ്ങളുമായി അമേരിക്കയിലെ മികച്ച യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ബിരുദദാനം പൊരുത്തപ്പെടുന്നതുമായി ചടങ്ങില്‍ സംസാരിച്ച മുഹമ്മദ് ഖശ്ആന്‍ പറഞ്ഞു.
സൗദി അറേബ്യ സാമ്പത്തികവും വ്യാവസായികവും പാരിസ്ഥിതികവുമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്നു. ഇതോടൊപ്പം രാജ്യത്തെ ജനങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനും സൗദി അറേബ്യയുടെയും ലോകത്തിന്റെയും ഭാവി കെട്ടിപ്പടുക്കാനും സംഭാവന ചെയ്യാനുള്ള പുതിയ അവസരങ്ങളുമുണ്ടെന്ന് മുഹമ്മദ് ഖശ്ആന്‍ പറഞ്ഞു.
ബിരുദധാരികളെ സൗദിയിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്കല്‍ റാറ്റ്‌നി റെക്കോര്‍ഡ് ചെയ്ത സന്ദേശത്തിലൂടെ അനുമോദിച്ചു. വിദ്യാര്‍ഥികളുടെ മികച്ച നേട്ടങ്ങള്‍ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചതിന് സൗദി ക്ലബ്ബിന് യു.എസ് അംബാസഡര്‍ നന്ദി പറഞ്ഞു. ചലച്ചിത്ര നിര്‍മാണം മുതല്‍ വീഡിയോ ഗെയിം വികസനം, ബഹിരാകാശ യാത്ര തുടങ്ങി നിരവധി മേഖലകളില്‍ സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന ശ്രദ്ധേയമായ വൈവിധ്യം എടുത്തുപറയേണ്ടതാണ്. ഈ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് തനിക്ക് സന്തോഷം നല്‍കുന്നതായും മൈക്കല്‍ റാറ്റ്‌നി പറഞ്ഞു.
ചടങ്ങിനൊടുവില്‍ ബിരുദധാരികളായ 60 വിദ്യാര്‍ഥികളെ മുഹമ്മദ് ഖശ്ആന്‍ ആദരിച്ചു.
ബാച്ചിലര്‍ ബിരുദം നേടിയ ഒമ്പതു പേരെയും മാസ്റ്റര്‍ ബിരുദധാരികളായ 32 പേരെയും ഡോക്ടറേറ്റ് നേടിയ മൂന്നു പേരെയും ഫെലോഷിപ്പ് നേടിയ 16 പേരെയും ഡോക്ടറേറ്റിനൊപ്പം ഫെലോഷിപ്പ് നേടിയ ഒരു വിദ്യാര്‍ഥിയെയുമാണ് ആദരിച്ചത്. ഇക്കൂട്ടത്തില്‍ 27 പേര്‍ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും 18 പേര്‍ ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും എട്ടു പേര്‍ ടഫ്റ്റ്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഏഴു പേര്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുമാണ് ബിരുദങ്ങള്‍ കരസ്ഥമാക്കിയത്.