മക്ക – മക്കക്ക് പുറത്തു നിന്ന് സ്വന്തം കാറുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും ഉംറ കര്‍മവും നമസ്‌കാരങ്ങളും നിര്‍വഹിക്കാന്‍ ഹറമിലേക്ക് വരുന്നവര്‍ക്ക് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മക്ക നഗരത്തിന് പുറത്ത് നഗരത്തിന്റെ പ്രവേശന കവാടങ്ങളില്‍ അഞ്ചു പാര്‍ക്കിംഗുകള്‍ സജ്ജീകരിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
അല്‍ശറായിഅ് (തായിഫ് അല്‍സൈല്‍ റോഡ്), അല്‍ഹദാ (തായിഫ് അല്‍കര്‍ റോഡ്), അല്‍നൗരിയ (മദീന റോഡ്), ജിദ്ദ റോഡ്, ലൈത്ത് റോഡ് പാര്‍ക്കിംഗുകളില്‍ ഇരുപത്തിനാലു മണിക്കൂറും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സാധിക്കും.
തങ്ങള്‍ക്ക് അനുയോജ്യമായ പാര്‍ക്കിംഗുകള്‍ തീര്‍ഥാടകരും വിശ്വാസികളും തെരഞ്ഞെടുത്ത് അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. പാര്‍ക്കിംഗുകളില്‍ നിന്ന് ഹറമിലേക്കും തിരിച്ചും പൊതുഗതാഗത സംവിധാനങ്ങളും ബസ് ഷട്ടില്‍ സര്‍വീസുകളുമുണ്ട്. ഉംറ തീര്‍ഥാടകരും ഹറമിലേക്ക് പോകുന്ന വിശ്വാസികളും സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ പ്രത്യേക പാര്‍ക്കിംഗുകളിലേക്ക് തിരിച്ചുവിടാന്‍ ട്രാഫിക് പോലീസ് സോര്‍ട്ടിംഗ്, നിയന്ത്രണ പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.