ഗാസ – ജനങ്ങളുടെ ഇച്ഛാശക്തിയിലൂടെയും ചെറുത്തുനില്‍പിന്റെ ധീരതയിലൂടെയും ഗാസ നേടിയെടുത്ത ഐതിഹാസികത പ്രതിഫലിപ്പിക്കുന്ന വന്‍ നേട്ടമാണ് വെടിനിര്‍ത്തല്‍ കരാറെന്ന് ഹമാസ് നേതാവ് സാമി അബൂസുഹ്രി പറഞ്ഞു. ലക്ഷ്യങ്ങൾ നേടുന്നതില്‍ ഇസ്രായില്‍ പരാജയപ്പെട്ടതിന്റെ സ്ഥിരീകരണമാണ് ഈ കരാറെന്ന് അബൂസുഹ്‌രി കൂട്ടിച്ചേര്‍ത്തു. ഇസ്രായിലുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെ ഫലസ്തീന്‍ ജനതയുടെ ഐതിഹാസികമായ ചെറുത്തുനില്‍പിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ് ഹമാസ് കാണുന്നത്.
ഫലസ്തീന്‍ ജനതയുടെ ഐതിഹാസികമായ ചെറുത്തുനില്‍പിന്റെയും ഗാസയില്‍ 15 മാസത്തിലേറെയായി നടത്തിയ ധീരമായ ചെറുത്തുനില്‍പിന്റെയും ഫലമാണ് വെടിനിര്‍ത്തല്‍ കരാര്‍ എന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ ജനതക്കും ചെറുത്തുനില്‍പിനും നമ്മുടെ സമൂഹത്തിനും ലോകത്തിലെ സ്വതന്ത്ര ജനങ്ങള്‍ക്കും വേണ്ടിയുള്ള ഒരു നേട്ടമാണിത്. നമ്മുടെ ജനതയുടെ വിമോചന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പാതയില്‍ ശത്രുക്കളുമായുള്ള പോരാട്ടത്തിലെ ഒരു വഴിത്തിരിവാണിത് – ഹമാസ് പ്രസ്താവന പറഞ്ഞു.
നമ്മുടെ ജനതയുടെ സമരത്തിന്റെയും പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടത്തിന്റെയും ഈ ചരിത്ര നിമിഷത്തില്‍ ഗാസ നിവാസികളെ അഭിമാനത്തോടെ അഭിവാദ്യം ചെയ്യുന്നതായി ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ പറഞ്ഞു. ഗാസയില്‍ ഇസ്രായില്‍ അതിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. ഇസ്രായിലുമായുള്ള ഞങ്ങളുടെ പോരാട്ടം അവസാനിക്കില്ല. തൂഫാന്‍ അല്‍അഖ്സ ആക്രമണം (2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ നടത്തിയ മിന്നലാക്രമണം) നമ്മുടെ ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. ഈ ആക്രമണത്തിന്റെ ഫലങ്ങള്‍ തുടരും. ഇപ്പോഴത്തെ യുദ്ധം അവസാനിക്കുന്നതോടെ തൂഫാന്‍ അല്‍അഖ്സ ആക്രമണത്തിന്റെ ഫലങ്ങള്‍ അവസാനിക്കുകയില്ല.
467 ദിവസങ്ങളിലായി ഇസ്രായിലും അവരെ പിന്തുണക്കുന്നവരും നടത്തിയ ക്രൂരവും മനുഷ്യവിരുദ്ധവുമായ യുദ്ധം ആധുനിക കാലത്തെ ഏറ്റവും ക്രൂരമായ വംശഹത്യയായി നമ്മുടെ ജനങ്ങളുടെയും ലോകത്തിന്റെയും ഓര്‍മ്മയില്‍ എന്നെന്നും നിലനില്‍ക്കും. 2023 ഒക്‌ടോബര്‍ ഏഴിന് സംഭവിച്ചത് ഒരു അത്ഭുതവും സൈനിക, സുരക്ഷാ നേട്ടവുമായിരുന്നു. അത് ശത്രു രാജ്യത്തിന് മാരകമായ പ്രഹരമേല്‍പ്പിച്ചു. നമ്മുടെ ജനങ്ങള്‍ അവരുടെ എല്ലാ അവകാശങ്ങളും വീണ്ടെടുക്കും – ഖലീല്‍ അല്‍ഹയ്യ പറഞ്ഞു.