വാഷിംഗ്ടണ്‍ – ഗാസ വാങ്ങാനും സ്വന്തമാക്കാനും ഒരുപക്ഷേ അതിന്റെ ചില ഭാഗങ്ങള്‍ വികസിപ്പിക്കാനായി മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാനും താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഞാന്‍ ഫലസ്തീനികളെ പരിപാലിക്കും, അവര്‍ കൊല്ലപ്പെടുന്നില്ലെന്ന് ഞാന്‍ ഉറപ്പാക്കും – എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ വെച്ച് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒറ്റപ്പെട്ട ഫലസ്തീനികളെ അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങള്‍ ഫലസ്തീനികളെ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ച് പറഞ്ഞു. ഭാവി വികസനത്തിന് ഗാസയെ നല്ലൊരു സ്ഥലമാക്കി ഞാന്‍ മാറ്റും – ട്രംപ് പറഞ്ഞു.
ഗാസയില്‍ നിന്നുള്ള ആളുകളെ ജോര്‍ദാനും ഈജിപ്തും സ്വീകരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ ഏകദേശം പതിനഞ്ചു ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഞങ്ങള്‍ ആ പ്രദേശം മുഴുവന്‍ ശുദ്ധീകരിക്കും. നൂറ്റാണ്ടുകളായി ഈ പ്രദേശം നിരവധി സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എനിക്കറിയില്ല, പക്ഷേ എന്തെങ്കിലും സംഭവിക്കണം – ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ ഈ ആശയം ഫലസ്തീന്‍ നേതാക്കളും അറബ് ലീഗും ജോര്‍ദാനും ഈജിപ്തും പാശ്ചാത്യ രാജ്യങ്ങളും തള്ളിക്കളഞ്ഞു. ഗാസ വാങ്ങി സ്വന്തമാക്കുമെന്ന ട്രംപിന്റെ പ്രസ്താവന അസംബന്ധമാണെന്ന് ഹമാസ് വിശേഷിപ്പിച്ചു. ഫലസ്തീനെയും മേഖലയെയും കുറിച്ചുള്ള ട്രംപിന്റെ ആഴത്തിലുള്ള അജ്ഞതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഗാസ വാങ്ങാനും വില്‍ക്കാനും കഴിയുന്ന ഒരു സ്വത്തല്ല. മറിച്ച്, അത് അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് ഹമാസ് നേതാവ് ഇസ്സത്ത് അല്‍രിശ്ഖ് പറഞ്ഞു. ഗാസ അവിടുത്തെ ജനങ്ങളുടെതാണ്. 1948 ല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയ തങ്ങളുടെ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മാത്രമേ അവര്‍ ഗാസ വിട്ടുപോവുകയുള്ളൂവെന്നും ഇസ്സത് അല്‍രിശ്ഖ് പറഞ്ഞു.
ഗാസ മുനമ്പ് പിടിച്ചെടുത്ത് അവിടുത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ വാഷിംഗ്ടണ്‍ സന്ദര്‍ശനം കഴിഞ്ഞ് ഇസ്രായിലില്‍ മടങ്ങിയെത്തിയ ശേഷം നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും പ്രശംസിച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദേശം വിപ്ലവകരമാണ്. ഗാസ ഇനി ഒരിക്കലും ഇസ്രായിലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാന്‍ അമേരിക്കയും ഇസ്രായിലും പരസ്പര ധാരണയിലെത്തി. പ്രസിഡന്റ് ട്രംപ് ഇസ്രായിലിനായി തികച്ചും വ്യത്യസ്തവും വളരെ മികച്ചതുമായ ഒരു കാഴ്ചപ്പാട് കൊണ്ടുവന്നു. ഇത് വിപ്ലവകരവും സൃഷ്ടിപരവുമായ സമീപനമാണെന്ന് നെതന്യാഹു പറഞ്ഞു. തന്റെ പദ്ധതി നടപ്പിലാക്കാന്‍ ട്രംപ് ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതായും നെതന്യാഹു മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.

ട്രംപിന്റെ പദ്ധതി ഫലസ്തീനികളെ നിര്‍ബന്ധിതമായി ഒഴിപ്പിക്കലോ വംശീയ ഉന്മൂലനമോ അല്ല. ആളുകള്‍ക്ക് പുറത്തുപോകാന്‍ അനുവാദമില്ലാത്തതിനാല്‍ ഗാസയെ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയില്‍ എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. അവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജനസാന്ദ്രത വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ദുരിതം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അവര്‍ ആവര്‍ത്തിച്ച് തീവ്രവാദികളുടെ നിയന്ത്രണത്തില്‍ അകപ്പെടുന്നു – ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു. നിങ്ങള്‍ എന്തിനാണ് അവരെ ജയിലില്‍ നിലനിര്‍ത്തുന്നത്? – നെതന്യാഹു രോഷത്തോടെ ചോദിച്ചു. ഗാസയുടെ പുറത്തേക്കുള്ള കവാടം തുറന്ന് അവര്‍ക്ക് താല്‍ക്കാലികമായി താമസം മാറാനുള്ള അവസരം നല്‍കണം എന്നും ഫലസ്തീനികളെ മാറ്റിയ ശേഷം ഗാസ പുനര്‍നിര്‍മിക്കുകയും തീവ്രവാദം ഇല്ലാതാക്കുകയും ചെയ്യുമെന്നുമാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. ഈ ദൗത്യം അമേരിക്കന്‍ സൈന്യം നിര്‍വഹിണമെന്ന് ട്രംപ് ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ, ഞങ്ങള്‍ (ഇസ്രായില്‍) ആ ജോലി ചെയ്യും. ഹമാസ് ഞങ്ങളെ ആക്രമിച്ചു. ഞങ്ങള്‍ അവരെ കൈകാര്യം ചെയ്യും -ഇസ്രായില്‍ പ്രധാനമന്ത്രി പറഞ്ഞു.
ട്രംപിന്റെ നിര്‍ദിഷ്ട പദ്ധതിക്കുള്ള ധനസഹായം അമേരിക്കന്‍ നികുതിദായകരുടെ പണത്തില്‍ നിന്നായിരിക്കില്ല. പദ്ധതിക്ക് സ്വതന്ത്ര ധനസഹായം ലഭിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് അത് ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദേശം നല്ലതാണ്. ഇതുവരെ മുന്നോട്ടുവച്ചിട്ടില്ലാത്ത പുതിയ ആശയമാണിത് – ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.