ഗാസ – പതിനഞ്ചു മാസം നീണ്ട യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഏറ്റവും പുതിയ ഘട്ടമെന്ന നിലയില്‍, മൂന്ന് ഇസ്രായിലി ബന്ദികളെ കൂടി ഹമാസ് ഇന്ന് വിട്ടയച്ചു. യാര്‍ഡന്‍ ബിബാസിനെയും ഫ്രഞ്ച്-ഇസ്രായില്‍ ഇരട്ട പൗരനായ ഓഫര്‍ കാല്‍ഡെറോണിനെയും തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസില്‍ വെച്ച് ഹമാസ് പോരാളികള്‍ റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മണിക്കൂറുകള്‍ക്ക് ശേഷം ഗാസ തുറമുഖത്തു വെച്ചാണ് ഇസ്രായേലി-അമേരിക്കന്‍ പൗരന്‍ കീത്ത് സീഗലിനെ റെഡ് ക്രോസിന് കൈമാറിയത്. ഗാസ യുദ്ധത്തിനിടെ തങ്ങള്‍ വധിച്ചതായി ഇസ്രായില്‍ രണ്ടു തവണ അറിയിച്ച അല്‍ശാത്തി ബറ്റാലിയന്‍ കമാന്‍ഡര്‍ ഹൈഥം അല്‍ജവാഹിരിയാണ് കീത്ത് സീഗലിനെ റെഡ് ക്രോസിന് കൈമാറിയത്.
2023 ഒക്‌ടോബര്‍ ഏഴിന് ഗാസക്കു സമീപമുള്ള ജൂത കുടിയേറ്റ കോളനികളില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനിടെ പോരാളികള്‍ തട്ടിയെടുത്ത വാഹനം ബന്ദി കൈമാറ്റത്തിനിടെ ഹമാസ് സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് ഉപയോഗിച്ചു. ബന്ദികളെ വിട്ടയച്ചതിനു പിന്നാലെ ഇസ്രായിലി ജയിലുകളില്‍ നിന്ന് മോചിതരായ ഫലസ്തീന്‍ തടവുകാരെ വഹിച്ചുകൊണ്ടുള്ള ബസുകള്‍ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ എത്തി. ഹമാസും ഇസ്രായിലും തമ്മില്‍ നടത്തുന്ന ബന്ദികളുടെയും തടവുകാരുടെയും നാലാമത്തെ കൈമാറ്റമാണിത്. മൂന്നു ബന്ദികളെ വിട്ടയച്ചതിനു പകരം 182 ഫലസ്തീന്‍ തടവുകാരെ ഇസ്രായില്‍ വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹമാസ് പറഞ്ഞു.
2023 ഒക്‌ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ ഒമ്പതു മാസം മാത്രം പ്രായമുള്ള കുഞ്ഞ് കഫിറിന്റെയും നാലു വയസുള്ള ഏരിയലിന്റെയും പിതാവാണ് യാര്‍ഡന്‍ ബിബാസ്. ഈ രണ്ടു ആണ്‍കുട്ടികളും അവര്‍ക്കൊപ്പം തന്നെ പിടിക്കപ്പെട്ട അവരുടെ അമ്മ ഷിരിയും ഇസ്രായിലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി 2023 നവംബറില്‍ ഹമാസ് അറിയിച്ചിരുന്നു. അതിനുശേഷം അവരെ കുറിച്ച് ഒരു വിവരവുമില്ല.
അതിനിടെ, ദക്ഷിണ ഗാസ അതിര്‍ത്തിയില്‍ ഇന്ന് പുതുതായി തുറന്ന റഫ ക്രോസിംഗില്‍, ഗാസയില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കപ്പെട്ട കാന്‍സര്‍, ഹൃദ്രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ ഉള്‍പ്പെടെ ആദ്യത്തെ ഫലസ്തീന്‍ രോഗികള്‍ ലോകാരോഗ്യ സംഘടന നല്‍കിയ ബസില്‍ ഈജിപ്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഗാസയിലെ തിരക്കേറിയ ജനക്കൂട്ടത്തില്‍ നിന്ന് ബന്ദികളെ സംരക്ഷിക്കാന്‍ ഹമാസ് ഗാര്‍ഡുകള്‍ പാടുപെട്ട, വ്യാഴാഴ്ച നടന്ന മൂന്നാമത്തെ ബന്ദി കൈമാറ്റത്തിനിടെ അരങ്ങേറിയ അരാജകത്വങ്ങളൊന്നും ഇന്നത്തെ കൈമാറ്റത്തിനിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ യുദ്ധത്തില്‍ ഉണ്ടായ കനത്ത നഷ്ടങ്ങള്‍ക്കിടയിലും ഗാസയില്‍ പുനഃസ്ഥാപിക്കപ്പെട്ട ആധിപത്യത്തിന്റെ അടയാളമായി പരേഡ് നടത്തിയ യൂനിഫോം ധരിച്ച ഹമാസ് പോരാളികളുടെ ശക്തിപ്രകടനത്തിനുള്ള അവസരമായി ബന്ദി കൈമാറ്റം നടന്ന പ്രദേശം മാറി.
റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനു മുമ്പ്, യാര്‍ഡന്‍ ബിബാസിനെയും ഓഫര്‍ കാല്‍ഡെറോണിനെയും ഖാന്‍ യൂനിസില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ ഹമാസ് കയറ്റി. ഹമാസ് ഈ ആഴ്ച മരണം സ്ഥിരീകരിച്ച മുന്‍ സൈനിക കമാന്‍ഡറായ മുഹമ്മദ് അല്‍ദൈഫ് ഉള്‍പ്പെടെയുള്ള ഹമാസ് നേതാക്കളുടെ പോസ്റ്ററിന് മുന്നിലാണ് ഇരുവരെയും പ്രദര്‍ശിപ്പിച്ചത്. 2023 നവംബറില്‍ നടന്ന ആദ്യ ബന്ദി കൈമാറ്റത്തില്‍ ഓഫര്‍ കാല്‍ഡെറോണിന്റെ മക്കളായ എറെസിനെയും സഹാറിനെയും ഹമാസ് വിട്ടയച്ചിരുന്നു.
ഓഫര്‍ കാല്‍ഡെറോണ്‍ സ്വതന്ത്രനാണ്, 483 ദിവസത്തെ സങ്കല്‍പ്പിക്കാനാവാത്ത നരകവാസത്തിനുശേഷം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ അതിരറ്റ ആശ്വാസവും സന്തോഷവും ഞങ്ങള്‍ പങ്കിടുന്നു – ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. വ്യാഴാഴ്ച വിട്ടയച്ച അഞ്ച് തായ്ലന്റുകാര്‍ ഉള്‍പ്പെടെ പതിനെട്ട് ബന്ദികളെ ഹമാസ് ഇതുവരെ വിട്ടയച്ചു. പകരമായി, 400 ഫലസ്തീന്‍ തടവുകാരെ ഇസ്രായിലും വിട്ടയച്ചു.
വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനെയും ഗാസയില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനെയും കുറിച്ച് ചൊവ്വാഴ്ചയോടെ ചര്‍ച്ചകള്‍ ആരംഭിക്കും. വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തില്‍ കുട്ടികളും സ്ത്രീകളും പ്രായമായ പുരുഷ ബന്ദികളും രോഗികളും പരിക്കേറ്റവരും അടക്കം 33 ബന്ദികളെ വിട്ടയക്കേണ്ടതായിരുന്നു. രണ്ടാം ഘട്ടത്തില്‍ സൈനിക പ്രായത്തിലുള്ള 60 ലേറെ പുരുഷ ബന്ദികളെ വിട്ടയക്കുന്ന കാര്യം ഇനിയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
കരാര്‍ ലംഘിച്ചുവെന്ന് ഇരുപക്ഷവും ആരോപിക്കാന്‍ കാരണമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിരുന്നിട്ടും ഈജിപ്ഷ്യന്‍, ഖത്തര്‍ മധ്യസ്ഥരുമായി യോജിച്ച് അമേരിക്കയുടെ പിന്തുണയോടെ ആരംഭിച്ച ആറ് ആഴ്ചത്തെ പ്രാരംഭ വെടിനിര്‍ത്തല്‍ ഇതുവരെ തകരാതെ നിലനിന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ നടത്തിയ ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 250 ലേറെ ബന്ദികളാക്കപ്പെടുകയും ചെയ്തതായി ഇസ്രായിലി കണക്കുകള്‍ പറയുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ജനസാന്ദ്രതയുള്ള ഗാസ മുനമ്പിന്റെ ഭൂരിഭാഗവും നശിപ്പിക്കപ്പെടുകയും 47,000 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ചെയ്തു.