ഗാസ – വെടിനിര്‍ത്തല്‍ കരാറിന്റെയും തടവുകാരുടെ കൈമാറ്റത്തിന്റെയും ഭാഗമായി നാളെ വിട്ടയക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച മൂന്നു ഇസ്രായിലി ബന്ദികളുടെ പേരുകള്‍ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ടു. ഇസ്രായില്‍-റഷ്യന്‍ പൗരന്‍ സാഷ ട്രൂപനോവ്, ഇസ്രായിലി-അമേരിക്കന്‍ പൗരന്‍ സാഗുയി ഡെക്കല്‍-ചെന്‍, ഇസ്രായിലി-അര്‍ജന്റീനിയന്‍ പൗരന്‍ യെയര്‍ ഹോണ്‍ എന്നിവരെ നാളെ വിട്ടയക്കുമെന്ന് അല്‍ഖസ്സാം ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായില്‍ നാളെ 369 ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുമെന്ന് ഹമാസിനു കീഴിലെ പ്രിസണേഴ്സ് മീഡിയ ഓഫീസും പറഞ്ഞു. നാളെ വിട്ടയക്കാന്‍ പോകുന്ന ഫലസ്തീന്‍ തടവുകാരില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 36 പേരും 2023 ഒക്‌ടോബര്‍ ഏഴിന് യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഗാസയില്‍ നിന്ന് അറസ്റ്റ് ചെയ്ത 333 തടവുകാരും ഉള്‍പ്പെടുന്നതായി പ്രിസണേഴ്സ് മീഡിയ ഓഫീസ് പറഞ്ഞു.
ജനുവരി 19 ന് ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇരുപക്ഷവും അഞ്ച് തവണ തടവുകാരെയും ബന്ദികളെയും പരസ്പരം കൈമാറ്റം ചെയ്തിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ ഇസ്രായില്‍ ലംഘിക്കുന്നതായി കുറ്റപ്പെടുത്തി ബന്ദി കൈമാറ്റം നീട്ടിവെച്ചതായി ഹമാസ് ദിവസങ്ങള്‍ക്കു മുമ്പ് അറിയിച്ചതിനെ തുടര്‍ന്ന്, മുന്‍ നിശ്ചയ പ്രകാരം ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭീഷണി മുഴക്കിയിരുന്നു.
ഗാസ പിടിച്ചെടുക്കുമെന്നും ഗാസയിലെ 24 ലക്ഷം നിവാസികളെ ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ മാറ്റുമെന്നും പ്രസ്താവിച്ച് ആഗോള പ്രതിഷേധം വിളിച്ചുവരുത്തിയ ട്രംപ്, ശനിയാഴ്ച ഉച്ചയോടെ ശേഷിക്കുന്ന മുഴുവന്‍ ബന്ദികളെയും വിട്ടയക്കാതിരുന്നാല്‍ ഹമാസ് നരകം നേരിടേണ്ടിവരുമെന്ന് ഈയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഹമാസ് ജീവിച്ചിരിക്കുന്ന മൂന്ന് ബന്ദികളെ വിട്ടയക്കണമെന്ന് ഇസ്രായില്‍ പിന്നീട് ആവശ്യപ്പെട്ടു.
ആ മൂന്ന് പേരെ വിട്ടയച്ചില്ലെങ്കില്‍, ഹമാസ് നമ്മുടെ ബന്ദികളെ തിരിച്ചയച്ചില്ലെങ്കില്‍, ശനിയാഴ്ച ഉച്ചയോടെ വെടിനിര്‍ത്തല്‍ അവസാനിക്കും -സര്‍ക്കാര്‍ വക്താവ് ഡേവിഡ് മെന്‍സര്‍ പറഞ്ഞു. യുദ്ധം പുനരാരംഭിച്ചാല്‍, അത് ഹമാസിന്റെ പരാജയത്തിനും മുഴുവന്‍ ബന്ദികളുടെയും മോചനത്തിനും കാരണമാകുമെന്ന് മാത്രമല്ല, ഗാസയെ കുറിച്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പദ്ധതി സാക്ഷാല്‍ക്കരിക്കാന്‍ അനുവദിക്കുകയും ചെയ്യുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായില്‍ കാറ്റ്‌സും പറഞ്ഞു.