ബന്ദികളെ തിരികെ എത്തിക്കാന്‍ സൈനിക സമ്മര്‍ദം അനിവാര്യമാണെന്ന് നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ്
ഗാസ – ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് രാഷ്ട്രീയ നേതാവ് സ്വലാഹ് അല്‍ബര്‍ദവീല്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മാധ്യമങ്ങളും ഹമാസും അറിയിച്ചു. ഇസ്രായിലി വ്യോമാക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സ്വലാഹ് അല്‍ബര്‍ദവീലും ഭാര്യയും കൊല്ലപ്പെട്ടതായി ഹമാസ് അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 19 ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ഉപേക്ഷിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇസ്രായില്‍ ഗാസയില്‍ ശക്തമായ വ്യോമാക്രമണം പുനരാരംഭിച്ചു.
ഒരു സൈനിക, ഭരണ സ്ഥാപനമെന്ന നിലയില്‍ ഹമാസിനെ ഇല്ലാതാക്കുക എന്നതാണ് യുദ്ധത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഹമാസ് കൈവശം വച്ചിരിക്കുന്ന ശേഷിക്കുന്ന ബന്ദികളെ കൈമാറാന്‍ നിര്‍ബന്ധിതരാക്കുക എന്നതാണ് പുതിയ ആക്രമണത്തിന്റെ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. ചൊവ്വാഴ്ച നടന്ന ആക്രമണങ്ങളില്‍ 400 ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമായിരുന്നു.
ബന്ദികളുടെ തിരിച്ചുവരവ് ഉറപ്പാക്കാന്‍ ഗാസയില്‍ ഹമാസുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളില്‍ ഇസ്രായില്‍ ബോംബാക്രമണം തുടരുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഒഫിര്‍ ഫാക്ക് പറഞ്ഞു. വെടിനിര്‍ത്തലും തടവുകാരുടെ കൈമാറ്റവും സംബന്ധിച്ച ചര്‍ച്ചകളില്‍ ഹമാസ് വഴക്കം കാണിക്കുന്നില്ലെന്ന് ഒഫിര്‍ ഫാക്കിനെ ഉദ്ധരിച്ച് ജെറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ നിലപാട് കണക്കിലെടുത്ത്, വരും ദിവസങ്ങളില്‍ ഗാസയില്‍ ഇസ്രായില്‍ സൈനിക ആക്രമണം വര്‍ധിപ്പിക്കുമെന്ന് ഒഫിര്‍ ഫാല്‍ക്ക് പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും സഹായങ്ങള്‍ എത്തിക്കണമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2023 നവംബറില്‍ സൈനിക സമ്മര്‍ദം ഹമാസിനെ ആദ്യ വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ പ്രേരിപ്പിച്ചു. അതിനു കീഴില്‍ ഏകദേശം 80 ബന്ദികളെ തിരിച്ചെത്തിക്കാന്‍ സാധിച്ചു. ശേഷിക്കുന്ന 59 ബന്ദികളെ മോചിപ്പിക്കാന്‍ സൈനിക സമ്മര്‍ദം ഏറ്റവും നല്ല മാര്‍ഗമാണ്. അവര്‍ ചര്‍ച്ചാ മേശയിലേക്ക് തിരിച്ചുവരാനുള്ള ഒരേയൊരു കാരണം സൈനിക സമ്മര്‍ദം മാത്രമാണ്. അതാണ് ഞങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് – ഒഫിര്‍ ഫാക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജനുവരിയില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് ഗാസയില്‍ ആഴ്ചകളോളം ശാന്തത അനുഭവപ്പെട്ടെങ്കിലും വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് ഇസ്രായില്‍ വ്യോമാക്രമണം പുനരാരംഭിക്കുകയും ഗാസയിലുടനീളം കരസേനയെ വിന്യസിക്കുകയും ചെയ്തു. വെടിനിര്‍ത്തലിലേക്ക് മടങ്ങാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ ഒഫിര്‍ ഫാക്ക് വിസമ്മതിച്ചു. റമദാന്‍ മാസവും ജൂതന്മാരുടെ പെസഹാ പെരുന്നാളും അവസാനിക്കുന്നതു വരെ വെടിനിര്‍ത്തല്‍ നീട്ടാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിന്റെ നിര്‍ദേശങ്ങള്‍ ഇസ്രായില്‍ അംഗീകരിച്ചിരുന്നു. ചര്‍ച്ചകളുടെ വിശദാംശങ്ങളിലേക്ക് എനിക്ക് പോകാന്‍ കഴിയില്ല. എനിക്ക് പറയാന്‍ കഴിയുന്നത് നമ്മുടെ എല്ലാ യുദ്ധ ലക്ഷ്യങ്ങളും നാം കൈവരിക്കുമെന്നാണ് – ഒഫിര്‍ ഫാക്ക് പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രായില്‍ ലംഘിച്ചുവെന്നും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനും ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുമുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ വിസമ്മതിച്ചുവെന്നും ഹമാസ് ആരോപിക്കുന്നു. എന്നിരുന്നാലും ചര്‍ച്ചകള്‍ക്ക് തയാറാണെന്നും വിറ്റ്‌കോഫിന്റെ ഇടക്കാല പദ്ധതി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഹമാസ് പറയുന്നു.
പുതിയ ആക്രമണങ്ങളില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ അധികൃതര്‍ പറയുന്നു. ഗാസയില്‍ വ്യോമാക്രമണങ്ങളും കരയാക്രമണങ്ങളും പുനരാരംഭിച്ചതോടെ അറബ്, യൂറോപ്യന്‍ രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടാന്‍ തുടങ്ങി. മാനുഷിക സഹായങ്ങള്‍ക്കായി ഇസ്രായിലിന്റെ ക്രോസിംഗുകള്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. ഗാസയിലേക്ക് സാധനങ്ങള്‍ പ്രവേശിപ്പിക്കുന്നത് ഇസ്രായില്‍ തടയുന്നു. ഹമാസ് സ്വന്തം നേട്ടത്തിനായി സഹായം വഴിതിരിച്ചുവിടുകയാണെന്ന് ഒഫിര്‍ ഫാക്ക് ആരോപിച്ചു. ഈ ആരോപണം ഹമാസ് മുമ്പ് നിഷേധിച്ചിരുന്നു. ഹമാസ് സാധനങ്ങള്‍ മോഷ്ടിക്കുകയും സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതിനാല്‍ ഞങ്ങള്‍ ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ പ്രവേശിക്കുന്നത് നിര്‍ത്തി – ഒഫിര്‍ ഫാക്ക് പറഞ്ഞു.