ഗാസ – ഇസ്രായിലികളില്‍ ശേഷിക്കുന്ന ബന്ദികളെ ഹമാസ് ഇന്നു രാവിലെ മുതല്‍ മോചിപ്പിക്കാന്‍ തുടങ്ങി. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായിലില്‍ നടത്തിയ മിന്നലാക്രമണത്തിലൂടെ ബന്ദികളായി പിടിച്ച ഇസ്രായിലികളെയാണ് മോചിപ്പിക്കുന്നത്. ആദ്യ ഘട്ടമായി ജീവിച്ചിരിക്കുന്ന ഏഴു ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ച് റെഡ് ക്രോസിന് കൈമാറിയത്. ഇവരെ റെഡ് ക്രോസില്‍ നിന്ന് ലഭിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഗാസ മുനമ്പില്‍ നിന്ന് മോചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന, ജീവിച്ചിരിക്കുന്ന 20 ബന്ദികളുടെ ഫോട്ടോകളും പേരുവിവരങ്ങളും അടങ്ങിയ പട്ടിക ഹമാസ് നേരത്തെ പുറത്തുവിട്ടിരുന്നു.


എല്‍ക്കാന ബോബോട്ട്, മതാന്‍ ആംഗ്രിസ്റ്റ്, അവിനാറ്റന്‍ ഓര്‍, യോസെഫ് ഹൈം ഒഹാന, അലോണ്‍ ഒഹെല്‍, എവിയാറ്റര്‍ ഡേവിഡ്, ഗൈ ഗില്‍ബോവ ദലാല്‍, റോം ബ്രാസ്ലാവ്‌സ്‌കി, ഗാലി ബെര്‍മന്‍, സിവ് ബെര്‍മന്‍, ഈറ്റന്‍ മോര്‍, സെഗെവ് കല്‍ഫോണ്‍, നിമ്രോഡ് കോഹന്‍, മാക്‌സിം ഹെര്‍കിന്‍, ഈറ്റന്‍ ഹോണ്‍, മതാന്‍ സാങ്ഗോക്കര്‍, ബാര്‍ കുപ്പര്‍സ്റ്റീന്‍, ഡേവിഡ് കൊണിയോ, ഏരിയല്‍ കൊണിയോ, ഒമ്രി മിറാന്‍ എന്നിവരെയാണ് വിട്ടയക്കുകയെന്ന് ഹമാസ് അറിയിച്ചു.


ഫലസ്തീന്‍ തടവുകാര്‍ ഇന്ന് ഉച്ചകഴിഞ്ഞ് കെരെം ഷാലോം ക്രോസിംഗ് വഴി ഗാസ മുനമ്പില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇന്ന് മോചിപ്പിക്കാന്‍ നിശ്ചയിച്ച 1,966 ഫലസ്തീന്‍ തടവുകാരും ഇസ്രായില്‍ ജയിലുകള്‍ക്കുള്ളില്‍ നിന്ന് ബസുകളില്‍ കയറിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഗാസയില്‍ നിന്നുള്ള 1,716 ഫലസ്തീനികളെ ഇന്ന് ഗാസ മുനമ്പിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ വിട്ടയക്കുമെന്നും ഇസ്രായില്‍ ജയിലുകളില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 250 പലസ്തീനികളെ വെസ്റ്റ് ബാങ്ക്, ജറൂസലം, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിട്ടയക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായില്‍ ജയിലുകളില്‍ നിന്ന് വിട്ടയച്ച 154 ഫലസ്തീന്‍ തടവുകാരെ മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്ന് ഹമാസ് അറിയിച്ചു.