ജിദ്ദ: ഹജ് തീര്‍ഥാടകര്‍ക്ക് നിര്‍ബന്ധമാക്കിയ വാക്‌സിനുകള്‍ പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ പോലെയുള്ള ചില പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആവശ്യമെങ്കില്‍ വേദന സംഹാരിയും പനി കുറക്കുന്ന മരുന്നുകളും കഴിക്കണം. കൂടാതെ ധാരാളം ദ്രാവകങ്ങള്‍ കുടിക്കുകയും വലിയ തോതിലുള്ള ശാരീരിക പ്രയത്‌നം ഒഴിവാക്കുകയും വേണമെന്നും മന്ത്രാലയം പറഞ്ഞു.
സിഹതീ ആപ്പിലെ സൗദി പൗരന്മാരുടെയും വിദേശികളുടെയും പ്രത്യേക ഫയല്‍ വഴി ഹജ് വാക്‌സിനുകള്‍ സ്വീകരിച്ചത് സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പുണ്യസ്ഥലങ്ങളില്‍ എത്തുന്നതിന് പത്തു ദിവസത്തിലധികം മുമ്പ് മെനിഞ്ചൈറ്റിസ് വാക്‌സിനേഷന്‍ (എ.സി.വൈ.ഡബ്ലിയു) നടത്തിയത് സ്ഥിരീകരിക്കുന്ന കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് ഹജ് തീര്‍ഥാടകര്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. വാക്‌സിന്‍ സാധുത കാലാവധി വാക്‌സിന്‍ ഇനത്തെ ആശ്രയിച്ചിരിക്കുന്നു.
പോളിസാക്കറൈഡ് ക്വാഡ്രിവാലന്റ് (എ.സി.വൈ.ഡബ്ലിയു) വാക്‌സിന്‍ ഫലപ്രാപ്തി വാക്‌സിന്‍ സ്വീകരിച്ച് മൂന്നു വര്‍ഷത്തില്‍ കവിയില്ല. സംയോജിത ക്വാഡ്രിവാലന്റ് (എ.സി.വൈ.ഡബ്ലിയു) വാക്‌സിന്‍ കാലാവധി വാക്‌സിന്‍ സ്വീകരിച്ച് അഞ്ചു വര്‍ഷത്തോളം നിലനില്‍ക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഈ വര്‍ഷം ഹജ് നിര്‍വഹിക്കുന്നവര്‍ക്ക് മൂന്നിനം വാക്‌സിനുകള്‍ ആരോഗ്യ മന്ത്രാലയം നിര്‍ബന്ധമാക്കിയിട്ടുണ്ട്. വികസിത കോവിഡ്-19 വാക്‌സിന്‍, മെനിഞ്ചൈറ്റിസ് വാക്‌സിന്‍, സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ എന്നിവയാണ് തീര്‍ഥാടകര്‍ സ്വീകരിക്കേണ്ടത്.