ജിദ്ദ- ഇതാദ്യമായി ജിദ്ദയിൽനിന്നുള്ള ഹാജിമാർ മക്കയിലേക്ക് അതിവേഗ ട്രെയിനിൽ പുറപ്പെട്ടു. ജിദ്ദ എയർപോർട്ടിൽ എത്തുന്ന എല്ലാ ഹാജിമാരും സൗദി അധികൃതർ നൽകുന്ന ബസുകളിലാണ് മക്കയിലേക്ക് ഇതേവരെ പോയിരുന്നത്. എന്നാൽ ഇതാദ്യമായി, ഈ വർഷം ചില ഇന്ത്യൻ ഹാജിമാർക്ക് ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്ക് ഹൈ സ്പീഡ് ഹറമൈൻ ട്രെയിനിൽ പോകാൻ ഇന്ത്യൻ കോൺസുലേറ്റ് സൗകര്യമൊരുക്കി. സൗദി അധികൃതരുമായി സഹകരിച്ചാണ് ക്രമീകരണം ഏർപ്പെടുത്തിയത്.
ഏകദേശം 32000 ഹാജിമാർക്ക് ഈ സേവനം ഉപയോഗിക്കാൻ കഴിയും. ഇത് ഹാജിമാരുടെ യാത്ര ഏറെ സുഖകരമാക്കുകയും ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കുകയും ചെയ്യും. ട്രെയിനിൻ്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 300 കിലോമീറ്ററാണ്.
ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും ഇന്ത്യൻ ഹാജിമാരെ ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്കുള്ള ആദ്യ യാത്രയിൽ അനുഗമിച്ചു. സൗദി അറേബ്യൻ റെയിൽവേ വൈസ് പ്രസിഡന്റ് എൻജിനീയർ അൽ ഹർബിയും കൂടെയുണ്ടായിരുന്നു. മുംബൈയിൽ നിന്ന് സൗദിയ വിമാനത്തിലാണ് ഹാജിമാർ എത്തിയത്.
ജിദ്ദ എയർപോർട്ടിൽ നിന്ന് നേരിട്ട് മക്കയിലേക്ക് ട്രെയിനിൽ ഹാജിമാരെ എത്തിക്കുന്ന ആദ്യ അനുഭവമാണിത്. ഈ വർഷം ഇന്ത്യയിൽ നിന്ന് 175000 ഹാജിമാരാണ് ഹജ് നിർവഹിക്കാനെത്തുന്നത്. ഇതിൽ 140000 പേർ ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴിയാണ് വരുന്നത്.
ജിദ്ദ എയർപോർട്ടിൽ നിന്ന് നേരിട്ട് മക്കയിലേക്ക് ഹാജിമാരെ ട്രെയിനിൽ കൊണ്ടുപോകുന്നത് സൗദി അധികാരികൾക്കും നവ്യാനുഭവമാണെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ അഭിപ്രായപ്പെട്ടു.