ഗാസ – ഗാസയില്‍ ഗുരുതരാവസ്ഥയിലുള്ള 2,500 കുട്ടികളെ ജീവന്‍ രക്ഷിക്കാനുള്ള ചികിത്സക്കായി ഉടന്‍ വിദേശ രാജ്യങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ചികിത്സ ലഭിക്കാത്ത പക്ഷം ആഴ്ചകള്‍ക്കുള്ളില്‍ ഈ കുട്ടികള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന്, ഇസ്രായിലും ഹമാസും തമ്മില്‍ 15 മാസം നീണ്ട യുദ്ധത്തിനിടെ ഗാസയില്‍ സന്നദ്ധസേവനം നടത്തിയ നാലു അമേരിക്കന്‍ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
യുദ്ധം 20 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന പ്രദേശത്തെയും അവിടുത്തെ ആരോഗ്യ സംരക്ഷണ സംവിധാനത്തെയും പാടെ തകര്‍ത്തു. ഗാസയില്‍ 12,000 ലേറെ രോഗികള്‍ വിദേശങ്ങളില്‍ വിദഗ്ധ ചികിത്സ കാത്തിരിക്കുന്നു. വെടിനിര്‍ത്തല്‍ നിലവില്‍വരുന്നതോടെ വിദഗ്ധ ചികിത്സ ലഭിക്കേണ്ട ആളുകളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജനുവരി 19 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.
അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളില്‍ 2,500 കുട്ടികള്‍ ഉള്‍പ്പെടുന്നതായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 നും ഏപ്രില്‍ എട്ടിനും ഇടയില്‍ ഗാസയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ഫിറോസ് സിദ്‌വ പറഞ്ഞു. മതിയായ ചികിത്സകള്‍ ലഭിക്കാത്ത പക്ഷം അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 2,500 കുട്ടികള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഗുട്ടെറസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കൂട്ടത്തില്‍ ചിലര്‍ ഇപ്പോള്‍ തന്നെ മരണവക്ത്രത്തിലാണ്. ചിലര്‍ നാളെ മരണപ്പെട്ടേക്കും. മറ്റു ചിലര്‍ അടുത്ത ദിവസം മരിച്ചേക്കും. ഈ 2,500 കുട്ടികളില്‍ ബഹുഭൂരിപക്ഷത്തിനും വളരെ ലളിതമായ ചികിത്സ മാത്രമേ ആവശ്യമുള്ളൂവെന്ന് കൈയില്‍ പൊള്ളലേറ്റ മൂന്നു വയസുള്ള ഒരു ആണ്‍കുട്ടിയുടെ കാര്യം സൂചിപ്പിച്ച് ഡോ. ഫിറോസ് സിദ്‌വ പറഞ്ഞു. പൊള്ളലേറ്റതില്‍ നിന്ന് ഈ കുഞ്ഞ് സുഖം പ്രാപിച്ചിട്ടുണ്ട്. പക്ഷേ വടു കോശങ്ങള്‍ രക്തയോട്ടം മന്ദഗതിയിലാക്കുന്നു. ഇത് കുഞ്ഞിന്റെ കൈ ഛേദിക്കപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും ഡോ. ഫിറോസ് സിദ്‌വ പറഞ്ഞു.
കൃത്രിമ അവയവങ്ങളോ പുനരധിവാസ പ്രോഗ്രാമുകളോ ലഭിക്കാത്ത, ഗാസയില്‍ അംഗഛേദം സംഭവിച്ച നിരവധി കുട്ടികളെ കുറിച്ച് നവംബര്‍ അവസാനം മുതല്‍ ജനുവരി ഒന്നു വരെ ഗാസയില്‍ സേവനമനുഷ്ഠിച്ച സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ എമര്‍ജന്‍സി ഫിസിഷ്യനായ ആയിശ ഖാന്‍ സംസാരിച്ചു. കൈകാലുകള്‍ മുറിച്ചുമാറ്റപ്പെട്ട, വീല്‍ചെയര്‍ പങ്കിടുന്ന രണ്ട് കൊച്ചു സഹോദരിമാരുടെ ഫോട്ടോ ഡോ. ആയിശ ഖാന്‍ കാണിച്ചു. ഈ കുട്ടികള്‍ക്ക് പരിക്കേറ്റ ആക്രമണത്തില്‍ അവരുടെ പിതാവ് കൊല്ലപ്പെട്ടു. വിദേശ ചികിത്സ മാത്രമാണ് ഈ കുട്ടികളുടെ അതിജീവനത്തിനുള്ള ഏക സാധ്യത. നിര്‍ഭാഗ്യവശാല്‍, നിലവിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ കുട്ടികളെ ഒന്നിലധികം പരിചാരകരോടൊപ്പം യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ല.
ഈ കുട്ടികളുടെ പരിചാരിക അവരുടെ മാതൃസഹോദരിയാണ്. അവര്‍ക്ക് മുലയൂട്ടല്‍ പ്രായത്തിലുള്ള ഒരു കുഞ്ഞുണ്ട്. വളരെ പ്രയാസപ്പെട്ട് ഈ കുട്ടികളെ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണം ഞങ്ങള്‍ നടത്തിയെങ്കിലും, മാതൃസഹോദരിയെ തന്റെ കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ അവര്‍ അനുവദിച്ചില്ല. അതുകൊണ്ട് അമ്മായിക്ക് തന്റെ മുലയൂട്ടുന്ന കുഞ്ഞിനെയോ സഹോദരീ പുത്രിമാരുടെ ജീവിതമോ രണ്ടാലൊന്ന് തെരഞ്ഞെടുക്കേണ്ടി വരുമെന്ന് ഡോ. ആയിശ ഖാന്‍ പറഞ്ഞു.
വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളോടെ കേന്ദ്രീകൃത മെഡിക്കല്‍ ഒഴിപ്പിക്കല്‍ പ്രക്രിയയാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രകാരം, മെഡിക്കല്‍ ഒഴിപ്പിക്കലിന് ഒരു സംവിധാനം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഈ പ്രക്രിയ ഇതുവരെ വ്യക്തമായി കണ്ടിട്ടില്ലെന്ന്, 2024 ജനുവരിയില്‍ ഗാസയില്‍ സേവനമനുഷ്ഠിച്ചിരുന്ന ചിക്കാഗോയില്‍ നിന്നുള്ള എമര്‍ജന്‍സി ഡോക്ടറായ തായിര്‍ അഹ്മദ് പറഞ്ഞു. പരിക്കേറ്റ കുട്ടികളെ ഗാസയില്‍ നിന്ന് പുറത്തെത്തിക്കാന്‍ ഒരു നടപടിക്രമവും നിലവിലില്ല. ഇനി വിദേശത്തേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചാലും അവരെ ഗാസയിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ഗാസയില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്ക് മാത്രമായി റഫ ക്രോസിംഗ് തുറക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ, അത് തിരിച്ചുവരാനുള്ള അവകാശമില്ലാത്ത ഒരു പുറത്തുപോകല്‍ ആണെന്ന് ഡോ. തായിര്‍ അഹ്മദ് പറഞ്ഞു.
അമേരിക്കന്‍ ഡോക്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ച തന്നെ വളരെയധികം സ്വാധീനിച്ചതായി അന്റോണയോ ഗുട്ടെറസ് പറഞ്ഞു. ചികിത്സക്കായി 2,500 കുട്ടികളെ ഉടന്‍ ഗാസയില്‍ നിന്ന് ഒഴിപ്പിക്കുകയും അവര്‍ക്ക് അവരുടെ കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും മടങ്ങാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയും വേണമെന്ന്, കൂടിക്കാഴ്ചക്കു ശേഷം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. ഗുട്ടെസിന്റെ അപേക്ഷയെ കുറിച്ചും 2,500 കുട്ടികളെ ചികിത്സക്കായി ഗാസക്ക് പുറത്തേക്ക് മാറ്റണമെന്ന ഡോക്ടര്‍മാരുടെ അഭ്യര്‍ഥനയെ കുറിച്ചും പ്രതികരിക്കാന്‍ ഇസ്രായിലിലെ ബന്ധപ്പെട്ട ഗവണ്‍മെന്റ് ഏജന്‍സിയും യു.എന്നിലെ ഇസ്രായിലി നയതന്ത്ര മിഷനും തയാറായില്ല. 2023 ഒക്‌ടോബറില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഈ മാസം ആദ്യം വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മുമ്പായി ഗാസയില്‍ നിന്ന് 5,383 രോഗികളെ തങ്ങളുടെ പിന്തുണയോടെ ഒഴിപ്പിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ഈജിപ്തിനും ഗാസക്കും ഇടയിലുള്ള റഫ ക്രോസിംഗ് അടക്കുന്നതിന് മുമ്പുള്ള ആദ്യ ഏഴ് മാസങ്ങളിലാണ് ഇവരില്‍ ഭൂരിഭാഗത്തെയും ചികിത്സക്കായി ഗാസയില്‍ നിന്ന് ഒഴിപ്പിച്ചതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.