ജിദ്ദ – പെര്‍മിറ്റില്ലാതെ ഹജ് കര്‍മം നിര്‍വഹിക്കുന്നത് പാപമാണെന്ന് സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് പറഞ്ഞു. പെര്‍മിറ്റില്ലാതെ ഹജിന് പോകുന്നത് അനുവദനീയമല്ല. ഹജ് പെര്‍മിറ്റ് നേടലും ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച വാക്‌സിനുകള്‍ എടുക്കലും അടക്കം ഹജുമായി ബന്ധപ്പെട്ട സുരക്ഷാ, ഔദ്യോഗിക നിര്‍ദേശങ്ങള്‍ ഹാജിമാര്‍ കര്‍ശനമായി പാലിക്കണമെന്നും ഗ്രാന്റ് മുഫ്തി ആവശ്യപ്പെട്ടു.
പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകരെ സ്വീകരിക്കല്‍ സുഗമമാക്കാനും ക്രമീകരിക്കാനും അവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കാനും എളുപ്പത്തിലും സമാധാനത്തോടെയും കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ അവരെ സഹായിക്കാനും ലക്ഷ്യമിട്ടാണ് ഭരണാധികാരികളും രാഷ്ട്രവും നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കിയത്.
എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തി ഇവ പാലിക്കല്‍ നിര്‍ബന്ധമാണ്. ഇരു ഹറമുകളുടെയും പരിചരണത്തിന് മഹത്തായ ശ്രമങ്ങളാണ് സൗദി ഭരണാധികാരികളും ജനങ്ങളും നടത്തുന്നത്. ഇതിന് പെര്‍മിറ്റ് നേടലും വാക്‌സിനേഷന്‍ നടത്തലും അടക്കം ഹജ് സംഘാടനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മുഴുവന്‍ ഔദ്യോഗിക നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ട്.
ഹജിന്റെ എണ്ണപ്പെട്ട ദിവസങ്ങളില്‍ സര്‍വശക്തനായ അല്ലാഹുവിനോടുള്ള പ്രാര്‍ഥനകളിലും ആരാധനകളിലും ദൈവത്തോട് കൂടുതല്‍ അടുക്കുന്നതിലും ഹാജിമാര്‍ സമയം ചെലവഴിക്കണം. അനാവശ്യ സംസാരം, അശ്ലീലം, പാപങ്ങള്‍, നിന്ദ്യമായ വാക്കുകളും പ്രവൃത്തികളും തുടങ്ങി ഹജിനെ നശിപ്പിക്കുന്ന ഒരു കാര്യങ്ങളും ഹജ് തീര്‍ഥാടകരുടെ ഭാഗത്തു നിന്നുണ്ടാകരുത്. സുരക്ഷ ഉറപ്പുവരുത്താനും നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ഹജുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഔദ്യോഗിക നടപടിക്രമങ്ങളും പാലിക്കണമെന്നും മുഴുവന്‍ ഹാജിമാരോടും ഗ്രാന്റ് മുഫ്തി ആവശ്യപ്പെട്ടു.