കണ്ണൂർ – വിമാന ജീവനക്കാർ സ്വർണ്ണക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലിനെ റിമാൻഡു ചെയ്തു.
എയർ ഇന്ത്യ എക്സ്പ്രസ് എയർ ഹോസ്റ്റസ് ബംഗാൾ സ്വദേശിനി സുരഭി ഖതൂൺ ഒരു കിലോ സ്വർണ്ണം കടത്തിയ സംഭവത്തിന് പിന്നാലെയാണ് സ്വർണ്ണക്കടത്തിന്റെ മുഖ്യകണ്ണികളിൽ ഒരാളായ എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരൻ കൂടിയായ സുഹൈൽ പിടിയിലായത്.
ഇനി വിമാനത്തിലെ കാബിൻ ക്രൂമാരെയും വിശദ പരിശോധനക്ക് വിധേയമാക്കാനാണ് കസ്റ്റംസ് അധികൃതരുടെ തീരുമാനം. സ്വർണം കടത്താൻ സുരഭിക്ക് പ്രത്യേതക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തിലാണ് അധികൃതർ. പരിശിലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. രഹസ്യ വിവരമാണ് സ്വർണം പിടിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ല. മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ യുവതികളുൾപ്പടെയുള്ളവർക്ക് പ്രത്യേക പരിശീലനം നൽകുന്ന സംഘങ്ങൾ ഗൾഫിലുണ്ട്. ഗർഭ നിരോധന ഉറയിലും മറ്റും സുരക്ഷിതമായി പൊതിഞ്ഞാണ് സ്വർണം ശരീരത്തിനുള്ളിലാക്കുന്നത്. അന്യവസ്തുക്കളെ പുറംതള്ളാൻ ശരീരം ശ്രമിക്കും. ഇതൊഴിവാക്കി മണി ക്കൂറുകൾ പിടിച്ചുനിൽക്കാനാണ് പ്രത്യേക പരിശീലനം നൽകുന്നത്. എങ്കിൽ മാത്രമേ വിമാനത്തിൽ ഇത്തരത്തിൽ കടത്ത് സാധ്യമാകൂ.
സംഭവത്തിൽ കണ്ണികളായ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് ഡിആർ ഐ നൽകുന്ന സൂചന. സുരഭി, സുഹൈലിന്റെ നിർദ്ദേശപ്രകാരം ഇതിനകം ഇരുപത് കിലോയോളം സ്വർണ്ണം കടത്തിയെന്നാണ് സൂചന. സുറാബിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടി സ്ഥാനത്തിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനും തില്ലങ്കേരി സ്വദേശിയുമായ സുഹൈലിനെ ഡിആർഐ അറസ്റ്റ് ചെയ്‌തത്. പത്തു വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുകയാണ് സുഹൈൽ. ഈ രീതിയിൽ സ്വർണം കടത്തിയതിൽ വിമാനക്കമ്പനി ജീവനക്കാർ പിടിയിലാകുന്നത് രാജ്യത്തെ ആദ്യ സംഭവമാണെന്നും ഡി.ആർ.ഐ ചൂണ്ടിക്കാട്ടി