തുനീഷ്യ – ഇസ്രായിലിന്റെ ഉപരോധം ഭേദിച്ച് കഴിഞ്ഞ വര്‍ഷം ഗാസയിലെത്താന്‍ ശ്രമിച്ച ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുടെ ഗ്രൂപ്പ് അടുത്ത മാസം ഗാസയിലേക്ക് കപ്പല്‍ കയറുമെന്ന് ഗ്രൂപ്പിലെ അംഗം എ.എഫ്.പിയോട് പറഞ്ഞു. മാര്‍ച്ച് 29 ന് നിശ്ചയിച്ചിരിക്കുന്ന പുതിയ ദൗത്യം ചരിത്രത്തില്‍ ഫലസ്തീനിനായി നടത്തുന്ന ഏറ്റവും വലിയ ഏകോപിത മാനുഷിക ഇടപെടല്‍ ആയിരിക്കുമെന്നും നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളെ അണിനിരത്തുമെന്നും ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ല പറഞ്ഞു. ബാഴ്സലോണ, തൂനിസ്, ഇറ്റലി, ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലാത്ത മറ്റ് നിരവധി തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഞങ്ങള്‍ ബോട്ടുകളില്‍ ഗാസയിലേക്ക് തിരിക്കും – ബ്രസീലിയന്‍ ആക്ടിവിസ്റ്റ് തിയാഗോ അവില എ.എഫ്.പിയോട് പറഞ്ഞു. എവിടെ നിന്നാണ് എന്ന് വ്യക്തമാക്കാതെ, അതേ ദിവസം തന്നെ കരമാര്‍ഗം വാഹനവ്യൂഹം ഗാസയിലേക്ക് പുറപ്പെടുമെന്നും സംഘം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായില്‍ ഉപരോധം മറികടന്ന് കടല്‍മാര്‍ഗം ഗാസയിലേക്ക് സഹായം എത്തിക്കാന്‍ ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ല പ്രചാരകര്‍ ശ്രമിച്ചു. എന്നാല്‍ ഇസ്രായില്‍ സൈന്യം അവരെ തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്ത് നാടുകടത്തി. ഇസ്രായില്‍ ഗാസയുടെ അതിര്‍ത്തികള്‍ നിയന്ത്രിക്കുകയും പ്രദേശത്തേക്ക് വരുന്ന എല്ലാ സഹായങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുന്നു. വംശഹത്യ, ഉപരോധം, കൂട്ട പട്ടിണി, ഗാസയിലെ സിവിലിയന്‍ ജീവിത നാശം എന്നിവക്കെതിരായ അഹിംസാത്മക പ്രതികരണം എന്നാണ് ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ല ആക്ടിവിസ്റ്റുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിക്കുന്നത്.



