അറബ് ഉച്ചകോടി മാര്‍ച്ച് നാലിലേക്ക് മാറ്റിവെച്ചു
കയ്‌റോ – ഗാസയുമായി ബന്ധപ്പെട്ട് ഈ മാസം 27 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അസാധാരണ അറബ് ഉച്ചകോടി മാര്‍ച്ച് നാലിലേക്ക് മാറ്റിവെച്ചതായി ഈജിപ്ത് അറിയിച്ചു. യുദ്ധത്തില്‍ തകര്‍ന്ന ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത് ഫലസ്തീന്‍ നിവാസികളെ ഈജിപ്തും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പ്രതികരണമെന്നോണമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ഫലസ്തീനികള്‍ അവരുടെ മണ്ണില്‍ തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കി ഗാസ പുനര്‍നിര്‍മാണത്തിനുള്ള സ്വന്തം പദ്ധതി അവതരിപ്പിക്കാന്‍ ഈജിപ്ത്, ജോര്‍ദാന്‍, ഖത്തര്‍, യു.എ.ഇ, സൗദി നേതാക്കള്‍ വ്യാഴാഴ്ച റിയാദില്‍ യോഗം ചേരും. ട്രംപിന്റെ ഗാസ പദ്ധതി അറബ് ലോകത്താകെ പ്രതിഷേധം ആളിക്കത്തിച്ചു. ഇത് അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെ അപൂര്‍വ പ്രകടനത്തിന് കാരണമായി.
ജനുവരി 19 ന് പ്രാബല്യത്തില്‍ വന്ന ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിക്കാറുകുമ്പോള്‍ അടുത്ത ശനിയാഴ്ച ആറു ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാന്‍ മധ്യസ്ഥരായ ഈജിപ്ത്, ഖത്തര്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കു മേല്‍ ഇസ്രായില്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങി. ഇതിനു പകരമായി, മുമ്പ് സമ്മതിച്ചിരുന്ന ശേഷിക്കുന്ന ഫലസ്തീന്‍ തടവുകാരെ ഇസ്രായില്‍ വിട്ടയക്കുകയും യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഹെവി മെഷിനറികളും മൊബൈല്‍ വീടുകളും അനുവദിക്കുകയും ചെയ്യും. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ഉപകരണങ്ങള്‍ ഗാസ, ഈജിപ്ത് അതിര്‍ത്തിയിലെ റഫ ക്രോസിംഗ് വഴി ഇന്ന് ഗാസയില്‍ പ്രവേശിച്ചതായി ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ, ഫലസ്തീനികളെ പുറത്താക്കാതെ ഗാസ പുനര്‍നിര്‍മിക്കാന്‍ ഈജിപ്ത് വികസിപ്പിച്ച പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവന്നു. ഗാസക്കുള്ളില്‍ ഫലസ്തീനികളുടെ താല്‍ക്കാലിക താമസത്തിന് സുരക്ഷിത മേഖലകള്‍ സൃഷ്ടിക്കുക, ഈജിപ്ഷ്യന്‍, രാജ്യാന്തര കമ്പനികള്‍ ഗാസയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുക എന്നിവ ഈജിപ്ഷ്യന്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. ഗാസയുടെ ഭരണത്തിനും പുനര്‍നിര്‍മാണ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ഹമാസുമായോ ഫലസ്തീന്‍ അതോറിറ്റിയുമായോ ബന്ധമില്ലാത്ത ഫലസ്തീന്‍ ഭരണകൂടം സ്ഥാപിക്കണമെന്നും ഈജിപ്ഷ്യന്‍ പദ്ധതി നിര്‍ദേശിക്കുന്നു.
2007 ല്‍ ഗാസയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്ത ശേഷവും ഗാസയില്‍ തുടര്‍ന്നുവന്ന മുന്‍ ഫലസ്തീന്‍ അതോറിറ്റി പോലീസുകാരെ ഉള്‍പ്പെടുത്തി പുതിയ ഫലസ്തീന്‍ പോലീസ് സേന രൂപീകരിക്കണമെന്നും പരിശീലനം സിദ്ധിച്ച ഈജിപ്ഷ്യന്‍, പാശ്ചാത്യ സേനകളെ ഉപയോഗിച്ച് ഈ പോലീസ് സേനയെ ശക്തിപ്പെടുത്തണമെന്നും ഈജിപ്ഷ്യന്‍ നിര്‍ദേശം ആവശ്യപ്പെടുന്നു.
ഗാസയില്‍ നിന്ന് ഫലസ്തീനികളെ നീക്കം ചെയ്യാതെ, അഞ്ച് വര്‍ഷം വരെ എടുക്കുന്ന മൂന്ന് ഘട്ടങ്ങളിലായി ഗാസ പുനര്‍നിര്‍മിക്കണമെന്ന നിര്‍ദേശമാണ് ഈജിപ്ഷ്യന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നതെന്ന് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആറു മാസം നീളുന്ന ആദ്യകാല വീണ്ടെടുക്കല്‍ കാലയളവില്‍ ഫലസ്തീനികള്‍ക്കായി ഗാസക്കുള്ളില്‍ മൂന്ന് സുരക്ഷിത മേഖലകള്‍ സൃഷ്ടിക്കണമെന്നും ഈ പ്രദേശങ്ങളില്‍ മൊബൈല്‍ വീടുകളും ഷെല്‍ട്ടറുകളും സജ്ജമാക്കണമെന്നും പദ്ധതി പറയുന്നു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിലും ഇരുപതിലേറെ ഈജിപ്ഷ്യന്‍, അന്താരാഷ്ട്ര കമ്പനികള്‍ പങ്കെടുക്കും. പുനര്‍നിര്‍മാണം ഗാസയിലെ ജനങ്ങള്‍ക്ക് പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ നല്‍കുമെന്നും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.