ഗാസ – ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തെ കുറിച്ച് ഇസ്രായിലും ഹമാസും തമ്മില്‍ കയ്റോയില്‍ നടത്തിയ ചര്‍ച്ചകള്‍ വഴിമുട്ടി. ചര്‍ച്ചകളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നിരവധി സാങ്കേതിക ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തിലെത്താൻ സാധിച്ചില്ല. ഗാസ വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനായി ഇസ്രായിലില്‍ നിന്നും ഖത്തറില്‍ നിന്നുമുള്ള രണ്ട് പ്രതിനിധി സംഘങ്ങള്‍ കയ്റോയില്‍ എത്തിയതായി ഈജിപ്ത് വ്യാഴാഴ്ച അറിയിച്ചിരുന്നു. അമേരിക്കന്‍ പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുത്തു.
വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടവും ബന്ദികളെ മോചിപ്പിക്കുന്നതും സംബന്ധിച്ച ചര്‍ച്ചകള്‍ മന്ദഗതിയിലായതിനാല്‍ ഗാസയില്‍ വേഗത്തില്‍ സൈനിക വിന്യാസം സാധ്യമാക്കാനുള്ള പരിശീലനം ഇസ്രായില്‍ സൈന്യം നടത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു. കരാറിന്റെ ആദ്യ ഘട്ടം അനുസരിച്ച് ഇസ്രായില്‍ സൈന്യം പിന്‍വാങ്ങിയ നെറ്റ്‌സാരിം കേന്ദ്രം ഉള്‍പ്പെടെയുള്ള ഗാസയില്‍ യുദ്ധത്തിലേക്ക് മടങ്ങാന്‍ ഇസ്രായില്‍ സൈന്യം പരിശീലനം നടത്തുന്നുണ്ടെന്ന് പത്രം പറഞ്ഞു.
വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കും ആഴത്തിലുള്ള ഭിന്നതകള്‍ക്കും ഇടയില്‍, ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഇഴഞ്ഞു നീങ്ങുകയാണ്. കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നതിനെ ചൊല്ലി ഇരു കക്ഷികളുടെയും താല്‍പര്യങ്ങള്‍ യോജിക്കുന്നില്ല. ഗാസ പുനര്‍നിര്‍മിക്കാനുള്ള പദ്ധതി ഈജിപ്ത് മുന്നോട്ടുവെക്കുന്നു. എന്നാല്‍ ഗാസയുടെ ഭാവിയെ കുറിച്ചും നീണ്ടുനില്‍ക്കുന്ന മാനുഷികവും രാഷ്ട്രീയവുമായ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നത് സംബന്ധിച്ച് ഇരു കക്ഷികളും ധാരണയിലെത്താത്തതിനെ തുടര്‍ന്ന് കയ്റോയില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി ഹമാസ് വൃത്തങ്ങള്‍ പറഞ്ഞു.
റമദാന്‍, ഈസ്റ്റര്‍ കാലഘട്ടങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് അമേരിക്കന്‍ മധ്യസ്ഥന്‍ സ്റ്റീവ് വിറ്റ്‌കോഫ് നിര്‍ദേശിച്ച പദ്ധതി അംഗീകരിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഇന്ന് പുലര്‍ച്ചെ അറിയിച്ചു. ജീവിച്ചിരിക്കുന്ന ബന്ദികളില്‍ പകുതി പേരെയും മരിച്ചവരുടെ പകുതി മൃതദേഹങ്ങളും വിട്ടയക്കുന്നതും കൈമാറുന്നതും, സ്ഥിരമായ കരാറിലെത്തിയാല്‍ ബാക്കിയുള്ള ബന്ദികളെ വിട്ടയക്കാനുള്ള സാധ്യതയും പദ്ധതിയില്‍ ഉള്‍പ്പെടുന്നതായി ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ ഒപ്പുവച്ച യഥാര്‍ഥ കരാറിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായി, ബന്ദികളെ മോചിപ്പിക്കുകയും സൈന്യത്തെ പിന്‍വലിക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കാതിരിക്കുകയും ചെയ്ത് ആദ്യ ഘട്ടം ആറ് ആഴ്ചത്തേക്ക് നീട്ടാനുള്ള ഇസ്രായിലിന്റെ മുന്‍ നിര്‍ദേശവുമായി പുതിയ പദ്ധതിക്ക് ഏറെ സാമ്യമുണ്ട്. മുന്‍ പ്രതിബദ്ധതകള്‍ ഉപേക്ഷിക്കാനുള്ള ഇസ്രായിലിന്റെ ശ്രമമായി ഹമാസ് ഇതിനെ കാണുന്നു.
ഇസ്രായിലിന്റെ ഇത്തരം കളികള്‍ ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരില്ലെന്നും മറിച്ച്, അവരുടെ കഷ്ടപ്പാടുകള്‍ വര്‍ധിപ്പിക്കുകയും ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുമെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ മഹ്മൂദ് മര്‍ദാവി പറഞ്ഞു. കയ്‌റോ ചര്‍ച്ചകളില്‍ ഹമാസ് നേരിട്ട് പങ്കെടുത്തിട്ടില്ല. ഖത്തറും ഈജിപ്തും നടത്തുന്ന മധ്യസ്ഥശ്രമങ്ങളുമായി ഹമാസ് ഏകോപനം നടത്തിവരികയാണെന്നും മഹ്മൂദ് മര്‍ദാവി പറഞ്ഞു.
ഗാസക്ക് തെക്ക് ഈജിപ്തിന്റെ അതിര്‍ത്തിയിലുള്ള ഫിലാഡല്‍ഫി ഇടനാഴി ഉള്‍പ്പെടെ ഗാസയില്‍ നിന്ന് ഇസ്രായില്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങണമെന്നാണ് രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെടുന്നത്. ബഫര്‍ സോണിന്റെ നിയന്ത്രണം തന്ത്രപരമായ ആവശ്യകതയാണെന്ന് നെതന്യാഹു വിശേഷിപ്പിക്കുന്നു. എങ്കിലും മാര്‍ച്ച് ഒമ്പതിനകം ഇവിടെ നിന്ന് ഇസ്രായില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ നെതന്യാഹു മുമ്പ് സമ്മതിച്ചിരുന്നു.
എന്നാല്‍ ഈ പിന്‍മാറ്റം ഇസ്രായിലിലെ ഭരണകക്ഷിയായ വലതുപക്ഷ സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചേക്കും. ഇത് നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയാകും. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി നെതന്യാഹു വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്നും ഇസ്രായിലി സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുന്ന ഘട്ടത്തിലെത്തിലേക്ക് കരാര്‍ എത്തിയിട്ടില്ലെന്നും ഇസ്രായിലി വിശകലന വിദഗ്ധര്‍ പറയുന്നു.
ബന്ദികളുടെ മോചനത്തിന് മുന്‍ഗണന നല്‍കണമെന്ന് മിക്ക ഇസ്രായിലികളും ആവശ്യപ്പെടുന്നു. എന്നാല്‍ തീവ്ര വലതുപക്ഷം ഇതിനെ എതിര്‍ക്കുന്നു. ഹമാസിന്റെ തകര്‍ച്ച പ്രധാന ലക്ഷ്യമായിരിക്കണമെന്ന് ഇവര്‍ വാദിക്കുന്നു. ബാക്കിയുള്ള 59 ബന്ദികളുടെ മോചനം ഉറപ്പാക്കാന്‍ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കണമെന്ന് അമേരിക്കന്‍ പ്രതിനിധി പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നിര്‍ബന്ധം പിടിക്കുന്നു. ശേഷിക്കുന്ന ബന്ദികളില്‍ 25 പേര്‍ മാത്രമേ ഇപ്പോഴും ജീവിച്ചിരിപ്പുള്ളൂ.
യുദ്ധാനന്തരം ഗാസ ആര് ഭരിക്കും എന്നതിനെ ചൊല്ലി ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നു. യൂറോപ്പും അമേരിക്കയും ഫലസ്തീന്‍ അതോറിറ്റിയുടെ ഭരണത്തെ പിന്തുണക്കുന്നു. എന്നാല്‍ നെതന്യാഹു ഇത് നിരാകരിക്കുന്നു. ഗാസയുടെ ഭരണം എട്ടു മുതല്‍ 15 വര്‍ഷം വരെയുള്ള കാലയളവിലേക്ക് ഈജിപ്ത് വഹിക്കണമെന്ന് ഇസ്രായിലി പ്രതിപക്ഷ നേതാവ് യഇര്‍ ലാപിഡ് നിര്‍ദേശിച്ചു. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവില്‍ ഗാസ പുനര്‍നിര്‍മിക്കാനുള്ള ഈജിപ്ഷ്യന്‍ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് രാജ്യങ്ങള്‍ തയാറെടുക്കുകയാണ്. ജനവാസ കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ ഗാസ നിവാസികള്‍ക്ക് താല്‍ക്കാലിക ക്യാമ്പുകള്‍ സ്ഥാപിക്കുന്നത് ഈജിപ്ഷ്യന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും ഗാസയുടെ ഭാവി സംശയാസ്പദമാക്കുന്ന രാഷ്ട്രീയവും മാനുഷികവുമായ വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
ഇസ്രായിലി സൈന്യത്തെ ഗാസയില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കാന്‍ വിസമ്മതിക്കുന്നതും ഇസ്രായിലിന്റെ തന്ത്രപരമായ സ്ഥാനം ദുര്‍ബലപ്പെടുത്തുന്ന ഏതൊരു വിട്ടുവീഴ്ചയും തീവ്ര വലതുപക്ഷം നിരാകരിക്കുന്നതും ചര്‍ച്ചകള്‍ വഴിമുട്ടാന്‍ പ്രധാന കാരണങ്ങളാണ്. യുദ്ധാനന്തര ഗാസയുടെ ഭരണത്തിന് വ്യക്തമായ കാഴ്ചപ്പാടില്ലാത്തതും ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.