ആലപ്പുഴ– യുഡിഎഫ് പിന്തുണയോടെ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ രംഗത്തെത്തി. താൻ കോൺഗ്രസുമായി ചർച്ച നടത്തിയെന്ന പ്രചാരണം തെറ്റാണെന്നും അത്തരത്തിൽ ഒരു കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മുന്നണിയിലും ചേരാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും തന്നെ ആരും അത്തരമൊരു ദൗത്യവുമായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.
തന്റെ ബന്ധുക്കൾ വീട്ടിൽ വന്നതിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. മെമ്പർഷിപ്പ് സ്ക്രൂട്ടിനി സമയത്ത് പാർട്ടി അംഗത്വം പുതുക്കിയില്ല എന്നത് സത്യമാണെന്നും എന്നാൽ അത് ആരോടും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാനലുകളിൽ വാർത്ത വന്നപ്പോഴാണ് ഈ വിവരം പുറത്തറിഞ്ഞത്. ഹൈസ്കൂൾ കാലം മുതൽ സ്വന്തം ഇഷ്ടപ്രകാരം പാർട്ടിയിൽ ചേർന്ന താൻ 15 പാർട്ടി കോൺഗ്രസുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും പാർട്ടിയെ തള്ളിപ്പറയാനോ ആക്ഷേപിക്കാനോ തയ്യാറല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പാർട്ടിയുടെ നയങ്ങളും ആശയങ്ങളും താൻ ഇപ്പോഴും അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.



