റഫാ > ഗാസയിൽ തുടരുന്ന ഇസ്രായില്‍ ആക്രമണത്തില്‍ ആദ്യമായി ഒരു മുന്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. യുഎന്‍ രക്ഷാ സംഘത്തിലെ സെക്യൂരിറ്റ് കോഡിനേഷന്‍ ഒഫീസറായ കേണല്‍ (റിട്ട.) വൈഭവ് അനില്‍ കലെയാണ് കൊല്ലപ്പെട്ടത്. ഗസയില്‍ നിന്നും റഫായിലെ യൂറോപ്യന്‍ ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്ന യുഎന്‍ സംഘത്തിന്റെ വാഹനത്തിനു നേര്‍ക്ക് തിങ്കളാഴ്ച രാവിലെയാണ് ഇസ്രായില്‍ ആക്രമണം ഉണ്ടായത്. 11 ജമ്മു ആന്റ് കശ്മീര്‍ റൈഫിള്‍സിലായിരുന്ന 46കാരനായ കേണല്‍ വൈഭവ് 2022ലാണ് ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് സ്വയം വിരമിച്ചത്. രണ്ടു മാസം മുമ്പാണ് ഗസയില്‍ യുഎന്‍ രക്ഷാ സംഘത്തില്‍ ഓഫീസറായി ചേര്‍ന്നത്. ഭാര്യ പൂനെയിലാണ്. രണ്ടു മക്കളുണ്ട്.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് കേണല്‍ വൈഭവിന്റെ മരണത്തിനിടയാക്കിയ ഇസ്രയില്‍ ആക്രമണത്തില്‍ അതിയായ ദുഖം പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഗസയില്‍ ആദ്യമായി ഒരു മുന്‍ ഇന്ത്യന്‍ സൈനികള്‍ ഇസ്രയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും വിദേശകാര്യ മന്ത്രിയോ പ്രധാനമന്ത്രിയോ ബുധനാഴ്ച വരെ അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. അതേസമയം യുഎന്നിലെ ഇന്ത്യന്‍ മിഷന്‍ എക്‌സില്‍ ദുഖം രേഖപ്പെടുത്തി പോസ്റ്റിട്ടിരുന്നു.
റഫായിലെ യൂറോപ്യന്‍ ഹോസ്പിറ്റലിലേക്ക് പോകുന്നതിനിടെയാണ് കേണല്‍ വൈഭവും സംഘവും സഞ്ചരിച്ച യുഎന്‍ വാഹനത്തിനു നേര്‍ക്ക് ആക്രമണമുണ്ടായതെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ ഉപ വക്താവ് ഫര്‍ഹാന്‍ ഹഖ് അറിയിച്ചു. സംഭവത്തില്‍ മറ്റൊരു യുഎന്‍ സ്റ്റാഫിനും പരിക്കുണ്ട്. ഈ മേഖലയില്‍ തുടര്‍ച്ചയായി അക്രമണം നടത്തി വരുന്ന ഇസ്രായില്‍ സേന സംഭവം അന്വേഷിക്കുന്നുണ്ട്.
സംഭവത്തില്‍ മൗനം തുടരുന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എക്‌സില്‍ ചൊവ്വാഴ്ച നിരവധി പോസ്റ്റുകളിട്ടെങ്കിലും ഒന്നില്‍ പോലും കേണല്‍ വൈഭവ് കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് പരാമര്‍ശമില്ല. എന്നാല്‍ ഇസ്രായിലിന്റെ 76ാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മന്ത്രി ജയ്ശങ്കര്‍ ചൊവ്വാഴ്ച എക്‌സില്‍ പങ്കുവച്ച 12 പോസ്റ്റുകളില്‍ എട്ടെണ്ണവും പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെ വരാണസിയില്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനെ കുറിച്ചായിരുന്നു.