മലപ്പുറം- തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അമ്പലപ്പുഴ നിയുക്ത എം.എൽ.എ ജി. സുധാകരൻ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മത, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരെ നേരിൽ കണ്ട് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. തിരഞ്ഞെടുപ്പിൽ കോൺഗ്രസും മുസ്ലിം ലീഗും നൽകിയ വലിയ പിന്തുണയെ അദ്ദേഹം എടുത്തുപറഞ്ഞു.
പാണക്കാട് എത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജി. സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്റെയും പിന്തുണ തനിക്ക് വലിയ താങ്ങും തണലുമായിരുന്നുവെന്നും അവർ അവസാനം വരെ കൂടെ നിന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് വിട്ടുപോയ എം.വി. ഗോവിന്ദനുമായോ കുഞ്ഞിക്കൃഷ്ണനുമായോ താൻ യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏറ്റവും കുറഞ്ഞ തുക ചിലവാക്കിയത് താനാണെന്ന് ജി. സുധാകരൻ അവകാശപ്പെട്ടു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം കള്ളമാണെന്ന് ജനവിധിയിലൂടെ തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും വിവിധ മേഖലകളിലെ പ്രമുഖരെ സന്ദർശിക്കുന്നത് അദ്ദേഹം തുടരും.



