ജിദ്ദ – മധ്യപൗരസ്ത്യദേശത്തെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിന്റെ 30 ശതമാനം ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍പന നടത്താന്‍ സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അനുമതി നല്‍കി. കമ്പനിയുടെ 5.1 കോടി ഓഹരികള്‍ വില്‍ക്കാനാണ് അനുമതി. സബ്സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്ന തീയതിക്ക് വളരെ മുമ്പുതന്നെ കമ്പനിയുടെ പ്രോസ്പെക്ടസ് പുറത്തിറക്കുമെന്ന് അതോറിറ്റി പറഞ്ഞു. ഓഹരി വില്‍പന അപേക്ഷക്ക് അതോറിറ്റി നല്‍കിയ അംഗീകാരത്തിന് ആറ് മാസത്തെ സാധുതയുണ്ട്. ഈ കാലയളവിനുള്ളില്‍ കമ്പനിയുടെ ഓഹരികളുടെ ഓഫറിംഗും ലിസ്റ്റിംഗും പൂര്‍ത്തിയായില്ലെങ്കില്‍ അനുമതി റദ്ദാക്കപ്പെടും.
മുപ്പതു രാജ്യങ്ങളിലെ 70 ലധികം സ്ഥലങ്ങളിലേക്ക് ഫ്‌ളൈ നാസ് പ്രതിവാരം 1,500 ലേറെ വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ളൈ നാസ് 2007 ലാണ് സര്‍വീസ് ആരംഭിച്ചത്. നിലവില്‍ കമ്പനിക്കു കീഴില്‍ 61 വിമാനങ്ങളാണുള്ളത്. 2030 ഓടെ വിമാനങ്ങളുടെ എണ്ണം 160 ആയി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. തുടക്കം മുതല്‍ ഇതുവരെ ഫ്‌ളൈ നാസ് സര്‍വീസുകളില്‍ എട്ടു കോടിയിലേറെ പേര്‍ യാത്ര ചെയ്തതായാണ് കണക്ക്.
രണ്ട് പതിറ്റാണ്ടിനിടയില്‍ ഗള്‍ഫ് വിമാന കമ്പനികള്‍ നടത്തുന്ന ആദ്യത്തെ ഓഹരി വില്‍പനയാണിയാണിത്. ഗള്‍ഫ് വിമാന കമ്പനികളുടെ ചരിത്രത്തിലെ മൂന്നാമത്തെ ഐ.പി.ഒയും ആണിത്. ഇതിനു മുമ്പ് യു.എ.ഇയിലെ എയര്‍ അറേബ്യയും കുവൈത്തിലെ ജസീറ എയര്‍വേയ്സുമാണ് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ ഓഹരികള്‍ വിറ്റത്.
ഒരുകാലത്ത് സൗദി അറേബ്യയിലെ ഏറ്റവും പ്രമുഖ അന്താരാഷ്ട്ര നിക്ഷേപകനായിരുന്ന അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ സ്ഥാപിച്ച സൗദി നിക്ഷേപ സ്ഥാപനമായ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയും ഫ്‌ളൈ നാസ് ഓഹരി ഉടമകളില്‍ ഉള്‍പ്പെടുന്നു. സിറ്റിഗ്രൂപ്പ്, ട്വിറ്റര്‍, ഫോര്‍ സീസണ്‍സ് തുടങ്ങിയ കമ്പനികളില്‍ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ നേരത്തെ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. 2022 ല്‍ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയുടെ 17 ശതമാനം ഓഹരി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വാങ്ങി.
പുതിയ വ്യവസായങ്ങള്‍ സൃഷ്ടിക്കാനും തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും എണ്ണ വരുമാനത്തിലുള്ള രാജ്യത്തിന്റെ ആശ്രിതത്വം കുറക്കാനും സ്വകാര്യ മേഖല വികസിപ്പിക്കാനും ലക്ഷ്യമിട്ട് സമ്പദ്വ്യവസ്ഥ പരിഷ്‌കരിക്കാനായി സൗദി അറേബ്യ ബില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിക്കുന്നു. ഹജും ഉംറയും നിര്‍വഹിക്കാനും മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമായി വര്‍ഷം തോറും ദശലക്ഷക്കണക്കിന് തീര്‍ഥാടകരെയും സന്ദര്‍ശകരെയും സ്വീകരിക്കുന്ന സൗദി അറേബ്യ വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പരിഷ്‌കരണത്തിന്റെ പ്രധാന സ്തംഭമായി ടൂറിസം മേഖലയെ രാജ്യം ഇപ്പോള്‍ കണക്കാക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പുതിയ വിമാന കമ്പനിയായ റിയാദ് എയര്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൗദി എയര്‍ലൈന്‍സും ഫളൈ അദീലും സൗദിയിലെ മറ്റ് പ്രധാന വിമാനക്കമ്പനികളാണ്.