ഗാസ – അതിശൈത്യം കാരണം ഗാസയില്‍ ഒരു പിഞ്ചുകുഞ്ഞ് കൂടി മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യു.എന്‍ ഓഫീസ് ഫോര്‍ ദി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് അറിയിച്ചു. ഇതോടെ ഈ സീസണില്‍ അതിശൈത്യം മൂലം ഗാസയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. സാധാരണക്കാര്‍ക്ക് പൊതു ചൂടാക്കല്‍ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് ബാറ്ററികള്‍, സോളാര്‍ പാനലുകള്‍, ആവശ്യമായ മറ്റ് ഊര്‍ജ സ്രോതസ്സുകള്‍ എന്നിവ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള അടിയന്തര പരിഹാരങ്ങള്‍ക്കായുള്ള ആഹ്വാനം യു.എന്‍ ഓഫീസ് ഫോര്‍ ദി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് ആവര്‍ത്തിച്ചു.
ഗാസ മുനമ്പിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും ഇപ്പോഴും കുടിയിറക്കപ്പെട്ടവരാണ്. ഭവനരഹിതരായി അഭയാര്‍ഥികളായ ഏകദേശം 13 ലക്ഷം ആളുകള്‍ ഗാസ മുനമ്പിലുടനീളം 970 സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും ദെയ്ര്‍ അല്‍ബലഹിലും ഖാന്‍ യൂനിസിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ഇരട്ട ഉപയോഗ വസ്തുക്കളുടെ പ്രവേശനം ഉള്‍പ്പെടെ ഗാസ സ്ട്രിപ്പിലേക്കുള്ള സഹായവസ്തുക്കളുടെ പ്രവേശനം വിപുലീകരിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം വസ്തുക്കളില്ലാതെ, സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കല്‍ പോലുള്ള അടിസ്ഥാന സേവനങ്ങളില്‍ ഒരു പുരോഗതിയും സാധ്യമാകില്ലെന്ന് യു.എന്‍ ഓഫീസ് ഫോര്‍ ദി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് പറഞ്ഞു.



