ഹാംബർഗ്(ജർമ്മനി)- ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം പരാജയത്തിലേക്ക് നീങ്ങിയെങ്കിലും വിട്ടുകൊടുക്കാത്ത പോരാട്ടവീര്യത്തിന്റെ കരുത്തിൽ അൽബേനിയ യൂറോ കപ്പിലെ കരുത്തരായ ക്രൊയേഷ്യയെ സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഇഞ്ചുറി ടൈം വരെ വിജയ പ്രതീക്ഷ നിലനിർത്തിയ ക്രൊയേഷ്യയുടെ പോസ്റ്റിലേക്കും ആരാധകരുടെ നെഞ്ചിലേക്കും ഗ്യാസുള 95-ാം മിനിറ്റിൽ റോക്കറ്റ് വേഗത്തിൽ പന്തെത്തിക്കുകയായിരുന്നു.
ക്രൊയേഷ്യയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷകൾ തകർത്താണ് അൽബേനിയ സമനില പിടിച്ചത്. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ മൈതാനത്തിലിരുന്ന് ക്രൊയേഷ്യൻ താരങ്ങൾ കണ്ണീർ പൊഴിച്ചു. സമനിലയോടെ ഇരു ടീമുകളുടെയും നോക്കൗട്ട് പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു.
മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ ഹെഡ്ഡറിലൂടെ ക്വാസിം ലാച്ചിയാണ് അൽബേനിയക്ക് ലീഡ് സമ്മാനിച്ചത്. തുടർന്നും നിരവധി തവണ ക്രൊയേഷ്യൻ വലയുടെ മുറ്റത്ത് എത്തിയെങ്കിലും ഗോളായില്ല. രണ്ടാം പകുതിയിൽ ക്രൊയേഷ്യ പഴയ പ്രതാപത്തിലേക്ക് വന്നു. ക്രമാരിചിന്റെ ഒരു ക്ലോസ് റേഞ്ച് ഷോട്ട് ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചു. തൊട്ടടുത്ത നിമിഷം തന്നെ ക്രൊയേഷ്യ ലീഡ് എടുത്തു. സെൽഫ് ഗോളിലായിരുന്നു ഇത്. പിന്നീട് ലൂകോ മോഡ്രിച്ചിന്റെ ലോംങ് റേഞ്ച് പോസ്റ്റിന് ഏതാനും വാര അരികിലൂടെ കടന്നുപോയി.
പിന്നിലായെങ്കിലും അൽബേനിയൻ വീര്യം ചോർന്നുപോയിരുന്നില്ല. 95-ാം മിനിറ്റിൽ ഗോൾ നേടുന്നതിലാണ് അത് കലാശിച്ചത്. സെൽഫ് ഗോളിന് കാരണക്കാരനായ ഗ്യാസുള തന്നെയായിരുന്നു ഗോൾ നേടിയത്. ക്രൊയേഷ്യയും അൽബേനിയയും ഗ്രൂപ്പ് ബി.യിലെ ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. ക്രൊയേഷ്യക്ക് ഇറ്റലിയെയും അൽബേനിയക്ക് സ്പെയിനുമാണ് എതിരാളികൾ.