അങ്കാറ – ഗാസയില്‍ നിന്ന് പലസ്തീനികളെ പുറത്താക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി ലോകസമാധാനത്തിന് വലിയ ഭീഷണിയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലുള്ള ഒരു കൊലപാതകിയുമായി അത്തരമൊരു കരാറുണ്ടാക്കാനുള്ള ട്രംപിന്റെ തീരുമാനവും അദ്ദേഹത്തിന്റെ ഭീഷണികളും ലോകസമാധാനത്തിന് വലിയ ഭീഷണിയായി ഞാന്‍ കാണുന്നു – ഉര്‍ദുഗാന്‍ പറഞ്ഞു. ഇപ്പോള്‍, ഗാസയെ ഫലസ്തീനികളില്‍ നിന്നും ഗാസയിലെ ജനങ്ങളില്‍ നിന്നും ആര്‍ക്കും എടുത്തുകളയാന്‍ കഴിയില്ല. അത്തരമൊരു കാര്യം ചെയ്യുന്നത് എല്ലാറ്റിനുമുപരി, ലോകസമാധാനത്തിന് തികച്ചും വ്യത്യസ്തമായ ഭീഷണിയായിരിക്കും.
ട്രംപിന്റെ പ്രസ്താവനകള്‍ ലോകത്തിലെ നിരവധി രാജ്യങ്ങള്‍ക്കുള്ള വെല്ലുവിളികളാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനകള്‍ അനുചിതമാണ്. ഇത്തരം തെറ്റുകള്‍ എത്രയും വേഗം തിരുത്തപ്പെടണം. ലോകസമാധാനം കൈവരിക്കാന്‍ സാധിക്കുന്നതിന് അമേരിക്ക പോലുള്ള ഒരു ആഗോള ശക്തി ഈ തെറ്റുകള്‍ വേഗത്തില്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. ഗാസക്ക് പുറത്ത് ഫലസ്തീനികളെ സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കാനും അമേരിക്കയുടെ നിയന്ത്രണത്തില്‍ കടല്‍ത്തീര റിസോര്‍ട്ടായി ഗാസയെ വികസിപ്പിക്കാനുമുള്ള ട്രംപിന്റെ നിര്‍ദേശം അറബ് ലോകത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്.