
ഒരു നൂറ്റാണ്ടിലധികം കാലത്തെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനാവുന്ന ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ (ജെ.എം.ഐ) പഠന, പാഠ്യേതര മേഖലകളിൽ മികവ് പുലർത്തി രാജ്യത്തിന് അഭിമാനമായ കേന്ദ്ര സർവകലാശാലയാണ്. ബിരുദ, ബിരുദാനന്തര, ഗവേഷണ മേഖലകളിൽ പഠനസൗകര്യം ഒരുക്കുന്ന ജാമിഅയിൽ വിവിധ പ്രോഗ്രാമുകളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് പഠിച്ച് കൊണ്ടിരിക്കുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) അനുസരിച്ച് ഇന്ത്യയിലെ മികച്ച സർവകലാശാലകളുടെ ഗണത്തിൽ മൂന്നാം സ്ഥാനം ലഭിച്ചതിന് പുറമെ അന്താരാഷ്ട്ര ഏജൻസികൾ പ്രസിദ്ധീകരിക്കുന്ന റാങ്കിങ്ങുകളിലും മികച്ച പ്രകടനമാണ് ജാമിഅ കാഴ്ച വെക്കാറുള്ളത്.
കോഴ്‌സുകൾ നിരവധി
ബിരുദം, ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, പിജി ഡിപ്ലോമ, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നീ തലങ്ങളിൽ സവിശേഷമായ പഠനാവസരങ്ങളാണ് ജെ.എം.ഐ ഒരുക്കുന്നത്. സയൻസ്, ലൈഫ് സയൻസ്, സോഷ്യൽ സയൻസ്, എൻജീയറിംഗ് ആൻഡ് ടെക്‌നോളജി, എജ്യുക്കേഷൻ, ഹ്യുമാനിറ്റീസ്& ലാംഗ്വേജ്, ആർക്കിടെക്ച്ചർ&എറ്റിക്റ്റിസ്, മാനേജ്‌മെന്റ് ഫൈൻആർട്സ്, നിയമം, ഡെന്റിസ്ട്രി എന്നിങ്ങനെയാണ് ലഭ്യമായ അധ്യയന വിഭാഗങ്ങൾ. പ്രശസ്തമായ മാധ്യമ പഠന കേന്ദ്രമായ എ.ജെ.കെ മാസ്സ് കമ്യൂണിക്കേഷൻ റിസർച്ച് സെന്റർ ജെ.എം.ഐ യുടെ ഭാഗമായുള്ള സ്ഥാപനമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ മൾട്ടിപ്പിൽ എൻട്രി, എക്സിറ്റ് ഓപ്‌ഷനോട് കൂടിയ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ജാമിഅ നടപ്പാക്കുന്നുണ്ട്.
സി.യു.ഇ.ടി പോര: പ്രത്യേക എൻട്രൻസ്
പ്ലസ്ടു പഠനം പൂർത്തിയാക്കിയവരോ 2025ൽ പരീക്ഷ എഴുതുന്നവരുമായോ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്ന ഒട്ടേറെ കോഴ്‌സുകളുണ്ട്. സുപ്രധാനമായ കേന്ദ്രസർവകലാശാല ആണെങ്കിലും ജാമിഅയിലെ പല കോഴ്‌സുകളിലെയും പ്രവേശനം കോമൺ യൂണിവേഴ്സ്റ്റിറ്റി എൻട്രൻസ് ടെസ്റ്റ് സിയുഇടി അടിസ്ഥാനത്തിലല്ല നടത്തുന്നത് എന്നത് പ്രത്യേകം ഓർക്കണം. ചില കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷക്ക് കോഴിക്കോട് അടക്കം കേന്ദ്രങ്ങളുണ്ടെങ്കിലും മറ്റു എൻട്രൻസുകൾ ഡൽഹിയിൽ പോയി ഏഴുതേണ്ടി വരും.
സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷ വഴി അഡ്മിഷൻ നടത്തുന്ന പ്രധാന ബിരുദ കോഴ്‌സുകൾ
അറബിക്, ഇസ്ലാമിക് സ്റ്റഡീസ്, പേർഷ്യൻ, ഇംഗ്ലീഷ്, മാസ് മീഡിയ ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ് , സോഷ്യോളജി, സൈക്കോളജി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, പൊളിറ്റിക്കൽ സയൻസ്, എന്നിവയിൽ ബി.എ ഓണേഴ്‌സ്
ജ്യോഗ്രഫി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ ബി.എസ്.സി ഓണേഴ്‌സ്
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്, ബാച്ചിലർ ഓഫ് ടൂറിസം & ട്രാവൽ മാനേജ്‌മെന്റ്, ബി.വോക് ഇൻ ഫുഡ് പ്രൊഡക്ഷൻ, ബിവോക് ഇൻ സോളാർ എനർജി
ബയോസയൻസ്, ബയോടെക്‌നോളജി, ലൈഫ് സയൻസ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, എയ്റോനോട്ടിക്സ് എന്നിവയിൽ ബി.എസ്.സി
നാലു വർഷ ബി.എ/ ബി.എസ്.സി (മൾട്ടി ഡിസിപ്ലിനറി)
ബിബിഎ, ബി.കോം (ഓണേഴ്‌സ്)
ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി
ബി.എ.എൽഎൽബി (ഓണേഴ്‌സ്)
അപ്ലൈഡ് ആർട്ട്, പെയിന്റിംഗ്, സ്കൾപ്ചർ, ആർട്ട് എജ്യുക്കേഷൻ എന്നിവയിൽ ബി.എഫ്.എ
പ്രവേശന പരീക്ഷക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രമുള്ള കോഴ്‌സുകൾ
• ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ ബി.എസ്.സി ഓണേഴ്‌സ്
• ബയോടെക്‌നോളജി, ബയോ സയൻസ് എന്നിവയിൽ ബി.എസ്.സി
• ഇക്കണോമിക്സ്, ഹിസ്റ്ററി, അറബിക് എന്നിവയിൽ ബിഎ ഓണേഴ്‌സ്
• ബിഎ-എൽ.എൽ.ബി
• ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി
• ബിബിഎ
• എൻജിനീയറിങ് ഡിപ്ലോമ പ്രോഗാമുകൾ
• ബി.കോം (ഓണേഴ്‌സ്)
• എം.സി.എ
• ബി.എഡ്
• എം.ബിഎ
• ഇക്കണോമിക്സ് , ഹിസ്റ്ററി, സോഷ്യൽ വർക്ക്, ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, സൈക്കോളജി എന്നിവയിൽ എംഎ
• ബയോടെക്‌നോളജി, ബയോസയൻസ് എന്നിവയിൽ എം.എസ്.സി
• വിവിധ വിഷയങ്ങളിൽ എം.ടെക് പ്രോഗ്രാം
അപേക്ഷ ഏപ്രിൽ പത്തുവരെ
പ്രവേശനത്തിനായി https://admission.jmi.ac.in/ എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ പത്തിനകം അപേക്ഷിക്കണം. ഏപ്രിൽ 26 മുതൽ പ്രവേശന പരീക്ഷ നടക്കും. ഓരോ കോഴ്‌സിന്റെയും പ്രവേശന യോഗ്യത, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിശദവിവരങ്ങൾ വെബ്സൈറ്റിലുണ്ട്. സ്വാശ്രയ കോഴ്‌സുകൾ മാറ്റി നിർത്തിയാൽ മിക്ക കോഴ്‌സുകൾക്കും മിതമായ ഫീസ് മാത്രമേയുള്ളൂവെന്ന സവിശേഷതയുണ്ട്.
ബി.ടെക്, ബി.ആർക്ക്, ബി.ഡി.എസ് പ്രവേശനം
വിവിധ ബ്രാഞ്ചുകളിലായുള്ള ബി.ടെക്, ബി.ആർക്ക് കോഴ്‌സുകളുമുണ്ട്. എൻജിനീയറിങ്, ആർക്കിടെക്ച്ചർ, കോഴ്‌സുകളിലെ പ്രവേശനത്തിന് യഥാക്രമം ജെ.ഇ.ഇ മെയിൻ, നാറ്റ എന്നിവ വഴി യോഗ്യത തെളിയിക്കണം ബിഡിഎസ് കോഴ്‌സുകളിലെ പ്രവേശനം നീറ്റ് യുജി അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസലിംഗ് കമ്മറ്റിയാണ് നടത്തുക. ഈ കോഴ്‌സുകളുടെ അപേക്ഷ സമർപ്പണ തീയതിയിൽ വ്യത്യാസങ്ങളുണ്ട്.