ഗെൽസെൻകിർച്ചൻ(ജർമനി)- യൂറോ കപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ സെർബിയയെയാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. പതിമൂന്നാമത്തെ മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമാണ് ഇംഗ്ലണ്ടിന് വിജയഗോൾ സമ്മാനിച്ചത്. ഹെഡറിലൂടെയായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ സെർബിയ കനത്ത ആക്രമണം പുറത്തെടുത്തെങ്കിലും വിജയിക്കാനായില്ല.
മൈക്കൽ ഓവന് ശേഷം 21 വയസ്സ് തികയുന്നതിന് മുമ്പ് ലോകകപ്പിലും യൂറോയിലും ഗോൾ നേടുന്ന രണ്ടാമത്തെ കളിക്കാരൻ എന്ന ബഹുമതി പതിമൂന്നാമത്തെ മിനിറ്റിൽ നേടിയ ഗോളിലൂടെ ബെല്ലിംഗ്ഹാമിന് സ്വന്തമായി. ടൂർണമെൻ്റിൻ്റെ തീം ട്യൂണായി മാറിയേക്കാവുന്ന ‘ഹേയ് ജൂഡ്’ എന്ന ഉച്ചത്തിലുള്ള ആലാപനത്തോടെയാണ് 20 കാരനായ ബെല്ലിംഗ്ഹാമിനെ ഇംഗ്ലണ്ടിൻ്റെ ആരാധകർ ആഘോഷിച്ചത്.
അടുത്ത വ്യാഴാഴ്ച ഫ്രാങ്ക്ഫർട്ടിൽ ഡെന്മാർക്കിനോടാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.
വിജയിച്ചെങ്കിലും മിന്നും പ്രകടനം പുറത്തെടുക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. പ്രത്യേകിച്ച് ജർമ്മനിയും സ്‌പെയിനും തങ്ങളുടെ ആദ്യ മത്സരങ്ങളിൽ വിജയത്തിലേക്ക് കുതിക്കുന്നതിൽ കാണിച്ച നിലവാരം പുലർത്തുന്നതിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടു.
യൂറോ കപ്പിലേക്ക് പുറപ്പെടുന്നതിന് മുമ്പുവരെ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ചിരുന്ന ടീമുകളിൽ ഒന്നായിരുന്നു ഇംഗ്ലണ്ട്. എന്നാൽ, അവസാന സന്നാഹ മത്സരത്തിൽ ഐസ്‌ലൻഡിനോട് 1-0 ന് തോറ്റതോടെ പ്രതീക്ഷകൾ പൊലിഞ്ഞു.