ജിദ്ദ – ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫോണില്‍ ചര്‍ച്ച നടത്തി. ഫ്രാന്‍സും ബ്രിട്ടനും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളും സംയുക്ത സഹകരണവും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തി.
അതേസമയം, സൗദി അറേബ്യയും ഫ്രാന്‍സും സഹകരിച്ച് ന്യൂയോര്‍ക്കില്‍ ജൂണില്‍ സംഘടിക്കുന്ന ഫലസ്തീന്‍ സമ്മേളനത്തില്‍ ഫ്രാന്‍സ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചേക്കുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലേക്ക് നമ്മള്‍ നീങ്ങണം. വരുന്ന ഏതാനും മാസങ്ങളില്‍ നമ്മള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും – ഫ്രാന്‍സ് 5 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ജൂണില്‍ സൗദി അറേബ്യയുമായി ചേര്‍ന്ന് ഫലസ്തീന്‍ സമ്മേളനത്തിന് നേതൃത്വം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സമ്മേളനത്തിനിടെ നിരവധി രാജ്യങ്ങളുമായി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ പരസ്പര അംഗീകാരത്തിന്റെ ഘട്ടം പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിയും. ഗാസയിലെ മാനുഷിക സാഹചര്യം അസഹനീയമാണ്. ഗാസയിലേക്കുള്ള സഹായം പുനരാരംഭിക്കലും ഇസ്രായിലി ബന്ദികളെ മോചിപ്പിക്കലും വെടിനിര്‍ത്തലും അത്യന്താപേക്ഷിതമാണെന്നും മാക്രോണ്‍ പറഞ്ഞു.
2023 ഒക്‌ടോബര്‍ മുതല്‍ ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ പരിക്കേറ്റ് ഈജിപ്ത്, ഗാസ അതിര്‍ത്തിക്കടുത്തുള്ള ഈജിപ്തിലെ അരീഷ് നഗരത്തിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചാണ് ഫലസ്തീന്‍ രാഷ്ട്രത്തെ ജൂണില്‍ ഫ്രാന്‍സ് അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയത്.
ജൂണില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രഖ്യാപനത്തെ ഫലസ്തീന്‍ വിദേശകാര്യ സഹമന്ത്രി ഫാര്‍സീന്‍ ശാഹീന്‍ സ്വാഗതം ചെയ്തു. ഫ്രാന്‍സിന്റെ നടപടി ശരിയായ ദിശയിലുള്ള ചുവടുവെപ്പാണെന്നും ഇത് ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനും അനുസൃതമായിരിക്കുമെന്നും ഫാര്‍സീന്‍ ശാഹീന്‍ പറഞ്ഞു.