ലണ്ടന്‍ – ജനുവരി 20-ന് കിഴക്കൻ ജറൂസലേമിലെ യു.എൻ ഫലസ്തീൻ അഭയാർത്ഥി ഏജൻസി (UNRWA) ആസ്ഥാനം ഇസ്രായേൽ തകർത്ത നടപടിയെ യുണൈറ്റഡ് കിംഗ്ഡം, ബെൽജിയം, കാനഡ, ഡെന്മാർക്ക്, ഫ്രാൻസ്, ഐസ്‌ലാന്റ്, അയർലൻഡ്, ജപ്പാൻ, നോർവേ, പോർച്ചുഗൽ, സ്പെയിൻ എന്നീ 11 രാജ്യങ്ങൾ സംയുക്തമായി ശക്തമായി അപലപിച്ചു. അഭൂതപൂർവവും അസ്വീകാര്യവുമായ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യു.എൻ ഏജൻസിയുടെ പ്രവർത്തനങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും ലണ്ടനിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഈ രാജ്യങ്ങൾ വ്യക്തമാക്കി.
ഗാസ മുനമ്പിലുൾപ്പെടെ ഫലസ്തീനികൾക്ക് മാനുഷിക സഹായമെത്തിക്കുന്നതിൽ ഏജൻസി വഹിക്കുന്ന നിർണ്ണായക പങ്കിന് പൂർണ്ണ പിന്തുണ അറിയിച്ച വിദേശകാര്യ മന്ത്രിമാർ, ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നതും സ്ഥാപനങ്ങളുടെ പവിത്രത ലംഘിക്കുന്നതുമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഗാസയിലെ മാനുഷിക സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണെന്ന് മുന്നറിയിപ്പ് നൽകിയ പ്രസ്താവന, തടസ്സങ്ങളില്ലാതെ സഹായങ്ങൾ എത്തിക്കുന്നതിൽ ഇസ്രായേൽ സർക്കാർ പ്രതിബദ്ധത പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മാനുഷിക പ്രവർത്തനങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും ഇസ്രായേലിനോട് ആവശ്യപ്പെട്ടു.



