കയ്‌റോ – ഗാസയില്‍നിന്ന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന മുന്‍നിലപാടില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയതിനെ വിലമതിക്കുന്നതായി ഈജിപ്ത് പറഞ്ഞു. ഗാസ നിവാസികളോട് സ്വദേശം വിടാന്‍ ആവശ്യപ്പെടില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഈജിപ്തിന്റെ നന്ദി ഈജിപ്ഷ്യന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഗാസയിലെ മാനുഷിക സാഹചര്യം വഷളാകുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെയും ഫലസ്തീന്‍ പ്രശ്‌നത്തിന് നീതിയുക്തവും സുസ്ഥിരവുമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ചുള്ള ധാരണയാണ് ട്രംപിന്റെ പുതിയ നിലപാട് പ്രതിഫലിപ്പിക്കുന്നതെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ കക്ഷികള്‍ക്കും സ്ഥിരതയും സുരക്ഷയും കൈവരിക്കുന്ന വ്യക്തമായ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ കാഴ്ചപ്പാട് സ്വീകരിച്ചുകൊണ്ട്, മിഡില്‍ ഈസ്റ്റില്‍ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ പോസിറ്റീവ് സമീപനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്നു. ഫലസ്തീന്‍ ജനതയുടെ ന്യായമായ അഭിലാഷങ്ങള്‍ കണക്കിലെടുക്കുന്ന വിധത്തില്‍, കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി 1967 ജൂണ്‍ നാലിലെ അതിര്‍ത്തി പങ്കിടുന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ അവകാശം ഉറപ്പാക്കി മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ലോകത്തിന് സമാധാനം കൊണ്ടുവരാനുള്ള ട്രംപിന്റെ സംരംഭം പ്രായോഗിക ചട്ടക്കൂടാണ്. മേഖലയിലെ ജനങ്ങള്‍ക്ക് സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ ഉറപ്പാക്കി സമാധാനപരമായ ഒത്തുതീര്‍പ്പ് പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ ഈജിപ്ത് എല്ലാ അന്താരാഷ്ട്ര പ്രാദേശിക കക്ഷികളോടും ആഹ്വാനം ചെയ്തു.
ഗാസയിലെ ജനങ്ങളെ നാടുകടത്തില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു. ഗാസയില്‍ നിന്ന് ആരെയും പുറത്താക്കാന്‍ ആരും പോകുന്നില്ല – ഐറിഷ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിനുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ ട്രംപ് പറഞ്ഞു. ഗാസ നിവാസികളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന മുന്‍ നിലപാടില്‍ നിന്ന് യു.എസ് പ്രസിഡന്റ് പിന്മാറിയതിനെ ഹമാസ് വക്താവ് ഹാസിം ഖാസിം സ്വാഗതം ചെയ്തു. തീവ്ര സയണിസ്റ്റ് വലതുപക്ഷത്തിന്റെ കാഴ്ചപ്പാടുമായ താദാത്മ്യം പ്രാപിക്കരുതെന്ന് ഹമാസ് വക്താവ് ട്രംപിനോട് ആവശ്യപ്പെട്ടു.
ഗാസ നിവാസികളെ ഈജിപ്തും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളിലേക്ക് എന്നെന്നേക്കുമായി മാറ്റിപ്പാര്‍പ്പിച്ച് ഗാസയെ മേഖലക്ക് അഭിമാനിക്കാവുന്ന നിലക്കുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുമെന്നും ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നുമാണ് ഇതുവരെ ട്രംപ് വ്യക്തമാക്കിയിരുന്നത്. ഫലസ്തീനികളെ മാറ്റിപാര്‍പ്പിക്കാതെ തന്നെ ഗാസ പുനര്‍നിര്‍മിക്കണമെന്ന ശക്തമായ നിലപാടാണ് അറബ്, ഇസ്‌ലാമിക് രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും മറ്റു ലോക രാജ്യങ്ങളും സ്വീകരിച്ചിരുന്നത്. കഴിഞ്ഞയാഴ്ച കയ്‌റോയില്‍ ചേര്‍ന്ന അടിയന്തിര അറബ് ലീഗ് ഉച്ചകോടിയും പിന്നീട് ജിദ്ദയില്‍ ചേര്‍ന്ന ഒ.ഐ.സി യോഗവും ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാതെ ഗാസ പുനര്‍നിര്‍മിക്കാന്‍ ഈജിപ്ത് തയാറാക്കിയ പദ്ധതി അംഗീകരിക്കുകയും ചെയ്തിരുന്നു.