ജുബൈൽ- സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിന് സമീപം ഭൂകമ്പം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) റിപ്പോർട്ട് ചെയ്തു. ജുബൈലിൽ നിന്ന് 41 കിലോമീറ്റർ വടക്കുകിഴക്കായി സമുദ്രത്തിലാണ് റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. ഇന്ന് (2025 ഏപ്രിൽ 4 വെള്ളിയാഴ്ച) പുലർച്ചെ 2:39-നാണ് ഭൂകമ്പം സംഭവിച്ചത്.
പ്രാഥമിക വിവരം അനുസരിച്ച് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഉപരിതലത്തിൽനിന്ന് പത്തുകിലോമീറ്റർ അടിയിലാണ്. ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ ഉപരിതലത്തിനടുത്തായതിനാൽ കൂടുതൽ ശക്തമായി അനുഭവപ്പെടും. ഭൂകമ്പത്തിന്റെ കൃത്യമായ തീവ്രത, ഭൂകേന്ദ്രം, ആഴം എന്നിവ അടുത്ത മിനിറ്റുകളിലോ മണിക്കൂറുകളിലോ അന്തിമമായി പുറത്തുവിടും. ഭൂകമ്പം നാശം വിതക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ പ്രദേശത്ത് പലർക്കും നേരിയ വിറയൽ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ വിറയൽ അനുഭവപ്പെട്ടതായി പലരും സമൂഹമാധ്യമങ്ങളിൽ അനുഭവം പങ്കുവെച്ചു.
ഉറങ്ങിക്കൊണ്ടിരിക്കെ കുലുക്കം അനുഭവവപ്പെട്ടതായും വീടും അതിനകത്തുള്ളതുമെല്ലാം വിറയ്ക്കുന്നതായി തോന്നിയെന്നും ഒരാൾ എക്സിൽ പറഞ്ഞു.