ജിദ്ദ- വിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ-ഷൈബി അന്തരിച്ചു. ഇന്ന് രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ-ഷൈബി.
മക്കയിൽ ജനിച്ച അൽ-ഷൈബി ഇസ്ലാമിക പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രൊഫസറായി വിരമിച്ച അദ്ദേഹം മതത്തെയും ചരിത്രത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ കീഴിൽ മക്ക കീഴടക്കിയതിന് ശേഷമാണ് ഷൈബിയുടെ കുടുംബത്തിന് കഅബയുടെ കാവൽക്കാരുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.
കഅ്ബയുടെ അകം പുറം, വൃത്തിയാക്കൽ, കഴുകൽ, ഇസ്തിരിയിടൽ, കിസ്‌വ പിളർന്നാൽ നന്നാക്കൽ, സന്ദർശകരെ സ്വീകരിക്കൽ, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കുടുംബത്തിൻ്റെ ചുമതലയാണ്.
2013-ൽ അമ്മാവൻ അബ്ദുൾഖാദർ താഹ അൽ-ഷൈബിയുടെ മരണത്തെത്തുടർന്ന് സാലിഹ് അൽ-ഷൈബി കഅബയുടെ കാര്യസ്ഥനായത്.
ഹിജ്റ എട്ടാം വർഷത്തിൽ മക്ക കീഴടക്കിയ ശേഷം മുഹമ്മദ് നബി ആരംഭിച്ച ഒരു പാരമ്പര്യമെന്ന നിലയിലാണ് കഅബയുടെ രക്ഷാകർതൃത്വം അൽ-ഷൈബിയുടെ പുത്രന്മാർക്കും അവരുടെ പിൻഗാമികൾക്കും നൽകി പോരുന്നത്. നഗരത്തിൻ്റെ താക്കോൽ ഉസ്മാൻ ഇബ്‌നു അബി തൽഹയെ ഏൽപ്പിക്കുകയും ആ ബഹുമതി തൻ്റെ കുടുംബത്തിൽ മാത്രം നിലനിൽക്കാൻ ഉത്തരവിടുകയും ചെയ്തു. കഅബയുടെ രക്ഷാകർതൃത്വം ഇന്ന് വരെ കുടുംബത്തിലെ മുതിർന്നവർക്കാണ് നൽകിപോരുന്നത്.