ജിദ്ദ: ക്ഷീണം കൂടാതെ ഹജ് നിര്‍വഹിക്കാന്‍ ശരീരത്തെ സജ്ജമാക്കി തീര്‍ഥാടന യാത്രക്ക് തയാറെടുപ്പ് നടത്തണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രയാസങ്ങൾ ഒഴിവാക്കാന്‍ ഹജിന് വരുന്നതിനു മുമ്പ് നാലു മാര്‍ഗനിര്‍ദേശങ്ങളും ഹജിനിടെ നാലു മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം.
യാത്രയും തീര്‍ഥാടന കര്‍മവും മുന്‍കൂട്ടി നന്നായി മനസ്സിലാക്കല്‍, പുണ്യസ്ഥലങ്ങളിലെ ദൂരങ്ങള്‍ മനസ്സിലാക്കല്‍, ദിവസവും വ്യായാമം ചെയ്യല്‍, കാഠിന്യമേറിയ ജോലികള്‍ ഒഴിവാക്കല്‍ എന്നിവയാണ് ഹജിന് വരുന്നതിനു മുമ്പ് തീര്‍ഥാടകര്‍ പാലിക്കേണ്ടത്.
ഹജിനിടെ സ്‌പോര്‍ട്‌സ് ഷൂ അല്ലെങ്കില്‍ മെഡിക്കല്‍ പാദരക്ഷകള്‍ ധരിക്കുക, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക, കര്‍മങ്ങള്‍ക്കു ശേഷം മതിയായ വിശ്രമം എടുക്കുക, ശരീരത്തിന് ആവശ്യമായ അളവില്‍ പാനീയങ്ങൾ കുടിക്കുക എന്നിവ ഹജിനിടെയും പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.