അബുദാബി: സര്‍വമേഖലകളിലും വികസനം സാധ്യമാക്കിയ പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് ‘ഡയസ്‌പോറ ഇന്‍ ദല്‍ഹിയുടെ’ ഭാഗമായി അബുദാബിയില്‍ സംഘടിപ്പിച്ച മാധ്യമസെമിനാര്‍ അഭിപ്രായപ്പെട്ടു. പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയരക്ടറുമായ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു. ലോകം അതിവേഗം മാറുന്ന വര്‍ത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മാത്രം മാറ്റം വരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതു തികഞ്ഞ അനീതിയാണ്. പ്രവാസികളില്‍നിന്നും ഈടാക്കുന്ന അമിത വിമാനനിരക്കിന്റെ കാര്യത്തിലും വോട്ടവകാശത്തിലും കോടതിയുടെ ശക്തമായ ഇടപെടലും നിര്‍ദേശങ്ങളുമുണ്ടായിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ മനോഭാവം പ്രതിഷേധാര്‍ഹമാണ്. നാടിന്റെ സാമ്പത്തിക മേഖലകളില്‍മാത്രമല്ല, വികസനം,വിദ്യാഭ്യാസം,ആരോഗ്യം,സംസ്‌കാരം തുടങ്ങിയ സര്‍വമേഖലകളിലും പ്രവാസികളുടെ കയ്യൊപ്പുണ്ടെന്നും ഇത് ചെറുതായി കാണാനാവില്ലെന്നും സൈനുല്‍ ആബിദീന്‍ പറഞ്ഞു.
അബുദാബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷനായിരുന്നു. അഷറഫ് പൊന്നാനി ആമുഖഭാഷണം നടത്തി. പ്രവാസികള്‍ക്കുവേണ്ടി ആരംഭിക്കുമെന്ന പ്രഖ്യാപിച്ച കപ്പല്‍ സര്‍വീസും എയര്‍കേരളയും ഇല്ലാതായിപ്പോയതിന്റെ കാരണം കണ്ടെത്തണമെന്ന് ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് ചീഫ് എല്‍വിസ് ചുമ്മാര്‍ പറഞ്ഞു. മണ്ണിനോടും മൃഗങ്ങളോടും കാണിക്കുന്ന സ്‌നേഹമെങ്കിലും പ്രവാസികളോടും കാണിക്കണം. പ്രവാസികളുടെ കാര്യത്തില്‍ എക്കാലവും നിസംഗത പുലര്‍ത്തുന്ന സമീപനം മാറേണ്ടിയിരിക്കുന്നു. പത്തുവര്‍ഷംമുമ്പ് കാലാഹരണപ്പെട്ട ഇന്തോ-യുഎഇ വിമാനയാത്രാ കരാര്‍ ഇനിയും പുതുകക്കിയിട്ടില്ല. പ്രവാസികളോടുള്ള കുറ്റകരമായ അനാസ്ഥയാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്ന് എല്‍വിസ് പറഞ്ഞു.
കഴിഞ്ഞ 50 വര്‍ഷമായി നിലനില്‍ക്കുന്ന പ്രവാസി പ്രശ്‌നങ്ങളുടെ പരിഹാരത്തിന് പ്രധാനമായും വോട്ടവകാശം തന്നെയാണ് പ്രഥമ പരിഹാരമാര്‍ഗമെന്ന് ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ് ബ്യുറോ ചീഫ് സഹല്‍ സി മുഹമ്മദ് പറഞ്ഞു. റഷ്യന്‍ പൗരന്മാര്‍ വിദേശരാജ്യങ്ങളില്‍ സന്ദര്‍ശക വിസയിലാണെങ്കില്‍ പോലും അവര്‍ക്ക് അതത് രാജ്യങ്ങളില്‍നിന്ന് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സര്‍വമേഖലകളിലും പുരോഗതിക്ക് നിതാനമായി മാറിയ പ്രവാസി ഇന്ത്യക്കാരുടെ കാര്യത്തില്‍ യാതൊരുവിധ അനുകൂല സമീപനവും കാണിക്കുന്നില്ല. ഇന്ത്യ-യുഎഇ ആകാശയാത്രാ സീറ്റുകള്‍ വര്‍ധിപ്പിക്കല്‍ വളരെ അനിവാര്യമാണെന്ന് സഹല്‍ വ്യക്തമാക്കി.
പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിന് അബുദാബിയില്‍ വിവിധ സംഘടനകള്‍ കാണിക്കുന്ന ഐക്യവും കൂട്ടായ്മയും പ്രശംസാര്‍ഹമാണെന്ന് മീഡിയ വൺ മിഡിൽ ഈസ്റ് ഹെഡ് എംസിഎ നാസര്‍ പറഞ്ഞു. കാലങ്ങളായി കാണാത്ത ഇത്തരം ഒത്തുചേരലുകള്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. പ്രവാസികളുടെ കാര്യത്തില്‍ ശബ്ദമുയര്‍ത്താന്‍ ഇതിലൂടെ മാത്രമെ സാധിമാകുകയുള്ളു. ലോകസഭയിലും രാജ്യസഭയിലുമെല്ലാം രാഷ്ട്രീയം മറന്നു പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി ശബ്ദമുയരണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി വോട്ടവകാശം, സീസൺ സമയത്തെ അനിയന്ത്രിത വിമാന നിരക്ക് എന്നീവിഷയങ്ങളിൽ ശാശ്വത പരിഹാരം തേടി വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന സമ്മിറ്റ് ഡിസംബർ അഞ്ചിന് ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ലബ് ഹാളിൽ നടക്കും.
കെഎംസിസി, ഇന്‍കാസ്,കേരള സോഷ്യല്‍ സെന്റര്‍,ഇന്ത്യാ സോഷ്യല്‍ സെന്റര്‍,അബുദാബി മലയാളി സമാജം,ശക്തി തിയേറ്റേഴ്‌സ്,ഡബ്ലുഎംസി തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര്‍, യേശുശീലന്‍,ജോണ്‍ പി വര്‍ഗീസ്,എഎം അന്‍സാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് സ്വാഗതവും ട്രഷറർ അഹമ്മദ് ബല്ലാകടപ്പുറം നന്ദിയും പറഞ്ഞു.