അബുദാബി – മൊള്‍ഡോവന്‍ പൗരത്വമുള്ള ഇസ്രായിലി റബ്ബി സ്വി കോഗനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി കണ്ടെത്തി. പ്രതികളില്‍ മൂന്നു പേര്‍ക്ക് വധശിക്ഷയും നാലാമന് ജീവപര്യന്തം തടവും വിധിച്ചു. മൊള്‍ഡോവന്‍-ഇസ്രായില്‍ പൗരനായ സ്വി കോഗനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ശിക്ഷിക്കാന്‍ അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബര്‍ ഏകകണ്ഠമായി വിധിച്ചു. തീവ്രവാദ ലക്ഷ്യത്തോടെ ഇരയെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതിന് മൂന്നു പേര്‍ക്ക് വധശിക്ഷയും നാലാമന് ജീവപര്യന്തം തടവും വിധിച്ചുവെന്നും എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഇരയെ രഹസ്യമായി നിരീക്ഷിച്ച് പിന്തുടര്‍ന്ന് കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ശാംസി നാലു പ്രതികളെയും 2025 ജനുവരിയില്‍ അടിയന്തര വിചാരണക്ക് റഫര്‍ ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയെ കുറിച്ച പ്രതികളുടെ വിശദമായ കുറ്റസമ്മതം, ഫോറന്‍സിക്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍, സാക്ഷി മൊഴികള്‍ എന്നിവ സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷന്‍ കോടതിയില്‍ സമർപ്പിക്കുകയും ചെയ്തു.
കൊലപാതകവും തട്ടിക്കൊണ്ടുപോകലും നടത്തിയ മൂന്നു പ്രതികള്‍ക്കും വധശിക്ഷ വിധിക്കാനും അവരെ സഹായിച്ച നാലാമത്തെ കൂട്ടാളിയെ ജീവപര്യന്തം തടവിനും ശിക്ഷക്ക് ശേഷം രാജ്യത്തു നിന്ന് നാടുകടത്താനും കോടതി ഏകകണ്ഠമായി വിധിച്ചു. യു.എ.ഇ നിയമമനുസരിച്ച് വധശിക്ഷാ വിധികള്‍ ഓട്ടോമാറ്റിക് ആയി അപ്പീലിന് വിധേയമാണ്. അപ്പീല്‍ പരിശോധിക്കാനും വിധിനിര്‍ണയത്തിനുമായി ഫെഡറല്‍ സുപ്രീം കോടതിയിലെ ക്രിമിനല്‍ ഡിവിഷന് കൈമാറും.
നീതിയുടെയും നിയമവാഴ്ചയുടെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഭീകരതയെ ചെറുക്കാനും ന്യായമായ വിചാരണ ഉറപ്പാക്കാനുമുള്ള യു.എ.ഇയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് വിധി വ്യക്തമാക്കുന്നതെന്നും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാനുള്ള ഏതൊരു ശ്രമത്തെയും യു.എ.ഇ നീതിന്യായ വ്യവസ്ഥ നിശ്ചയദാര്‍ഢ്യത്തോടെ നേരിടുമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ആഗോള മാതൃകയാണ് യു.എ.ഇ. മതമോ വംശമോ പരിഗണിക്കാതെ രാജ്യത്ത് താമസിക്കുന്ന എല്ലാവരെയും യു.എ.ഇ നിയമങ്ങള്‍ സംരക്ഷിക്കുകയും അവരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്നതായി അറ്റോര്‍ണി ജനറല്‍ പറഞ്ഞു.