ന്യൂദൽഹി- നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശിൽനിന്നുള്ള യുവതിക്ക് യു.എ.ഇയിൽ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ നിന്നുള്ള മുപ്പത്തിമൂന്ന് വയസ്സുള്ള ഷെഹ്സാദി ഖാന്റെ ശിക്ഷയാണ് നടപ്പാക്കിയത്. 2025 ഫെബ്രുവരി 15-നാണ് ശിക്ഷ നടപ്പാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം കോടതിയെ അറിയിച്ചു.
വധശിക്ഷ നടപ്പാക്കിയതിനെക്കുറിച്ച് ഫെബ്രുവരി 28 ന് സർക്കാരിൽ നിന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ചേതൻ ശർമ്മ പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും അധികൃതർ നൽകുന്നുണ്ടെന്നും അവരുടെ സംസ്കാരം 2025 മാർച്ച് 5 ന് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാന്റെ പിതാവ് തന്റെ മകളുടെ നിലവിലെ നിയമപരമായ നിലയും ക്ഷേമവും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടർന്നാണിത്.