റിയാദ് – സൗദി അറേബ്യയുടെ തലസ്ഥാന നഗരിയില്‍ മലയാളിയെ കൊലപ്പെടുത്തി വ്യാപാര സ്ഥാപനം കൊള്ളയടിച്ച കേസിലെ പ്രതികളായ സൗദി യുവാവിനും യെമനി യുവാവിനും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജീവനക്കാരനായ സിദ്ദീഖ് അഞ്ചാമന്റെപുരയ്ക്കലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി വ്യാപാര സ്ഥാപനം കൊള്ളയടിച്ച സൗദി യുവാവ് റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ് അല്‍ശഹ്‌റാനി, യെമനി യുവാവ് അബ്ദുല്ല അഹ്മദ് ബാസഅദ് എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്. മറ്റാരുമില്ലാത്ത തക്കം നോക്കി ആയുധങ്ങളുമായി വ്യാപാര സ്ഥാപനത്തില്‍ കയറിയാണ് സംഘം മലയാളിയെ ആക്രമിച്ച് സ്ഥാപനം കൊള്ളയടിച്ചത്.
കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ പോലീസ് ഉടൻ പിടികൂടിയിരുന്നു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് കോടതിക്ക് സമര്‍പ്പിക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ഇന്ന് രാവിലെ റിയാദില്‍ വധശിക്ഷ നടപ്പാക്കിയത്.
വന്‍ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സൗദി പൗരന്‍ മുഹമ്മദ് ബിന്‍ ഹമാദ് ബിന്‍ സുലൈമാന്‍ അല്‍ഹുവൈതിക്ക് തബൂക്കിലും ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി അമീര്‍ സാദ മുഹമ്മദ് ജാന് കിഴക്കന്‍ പ്രവിശ്യയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.