കണ്ണൂർ– അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിധിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ കോളജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. നിധിന്റെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ഭാഗത്തുനിന്നുണ്ടായ ജാതി അധിക്ഷേപമാണെന്ന് കുടുംബം ആരോപിക്കുന്നു. തന്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവനെ കൊലപ്പെടുത്തിയതാണെന്നും നിധിന്റെ മാതാപിതാക്കൾ ആരോപിച്ചു. പഠനത്തിൽ മുൻപന്തിയിലായിരുന്ന നിധിനെ വകുപ്പ് മേധാവിക്ക് താൽപ്പര്യമില്ലായിരുന്നുവെന്നും, മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് നിറത്തിന്റെയും ജാതിയുടെയും പേരിൽ “പുഴുത്ത പട്ടിയെപ്പോലെയാണ് നിന്നെ കാണുന്നത്” എന്ന് പറഞ്ഞ് അധിക്ഷേപിച്ചിരുന്നതായും പിതാവ് രാജൻ പറഞ്ഞു.
സംഭവം നടന്ന ദിവസം കോളജിൽ നിന്ന് വിളിച്ചപ്പോൾ നിധിന് അപകടം പറ്റിയെന്നും ഐസിയുവിലാണെന്നുമാണ് അറിയിച്ചതെന്ന് അമ്മ പറയുന്നു. എന്നാൽ പിന്നീട് തിരിച്ചുവിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ലെന്നും ബോധപൂർവ്വം കോൾ കട്ട് ചെയ്തതായും അവർ പരാതിപ്പെട്ടു. വകുപ്പ് മേധാവിക്ക് പുറമെ മറ്റ് രണ്ട് അധ്യാപകരും മകനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ക്രൂരമായ റാഗിങ്ങിന് നിധിൻ ഇരയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം, തിരുവനന്തപുരം സ്വദേശിയായ നിധിൻ രാജിന്റെ മരണത്തിൽ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചു. അധ്യാപകർക്കോ സഹപാഠികൾക്കോ എതിരെ നിധിൻ മുൻപ് പരാതികളൊന്നും നൽകിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മകന് നീതി ലഭിക്കണമെന്ന ഉറച്ച നിലപാടിലാണ് ഈ കുടുംബം.



