ദമാം – കുവൈത്തി യുവതിയുടെ മൃതദേഹം ജുബൈലിന് വടക്ക് മരുഭൂമിയില്‍ കണ്ടെത്തിയതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു. കുവൈത്തി യുവതിയെ സൗദിയില്‍ നിന്ന് സ്വദേശത്തേക്കുള്ള മടക്കയാത്രക്കിടെ കാണാതായതായി ഭര്‍ത്താവായ കുവൈത്തി പൗരന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് വഴിമധ്യേ ടോയ്ലെറ്റില് പോയ സമയത്ത് ഭാര്യയെ കൂട്ടാതെ താന്‍ ഒറ്റക്ക് സ്വദേശത്തേക്ക് മടങ്ങുകയായിരുന്നെന്നും കുവൈത്തി പൗരന് വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ സൗദി സുരക്ഷാ വകുപ്പുകളും കുവൈത്ത് സുരക്ഷാ വകുപ്പുകളും പരസ്പര ഏകോപനത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജുബൈലിന് വടക്ക് മരുഭൂപ്രദേശത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു.
യുവതി കൊല്ലപ്പെട്ടതാണെന്നാണ് പ്രാഥമികാന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്. യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ സൗദി, കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ ശ്രമം തുടങ്ങി. മരണത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണംതുടരുകയാണ്.