ഇടതുമുന്നണി നേരിട്ടത് തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയം
തിരുവനന്തപുരം- തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇടതുമുന്നണിക്ക് ഇത്രയും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. താഴെത്തട്ടിൽ കൂടുതൽ ശാസ്ത്രീയമായും സമഗ്രമായും പ്രവർത്തനം നടത്തുന്ന സി.പി.എം അടക്കമുള്ള ഇടതുമുന്നണിക്ക് വിജയം പലപ്പോഴും അനായാസമായിരുന്നു. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളുടെ സാന്നിധ്യം കൂടിയുണ്ടായതോടെ വിജയം ഇടതുമുന്നണിയുടെ കൂടെയായിരുന്നു എക്കാലത്തും. എന്നാൽ ഇന്ന് പുറത്തുവന്ന ഫലം ഇടതുമുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി രേഖപ്പെടുത്തുന്നതാകും. ഇതേവരെ പുറത്തുവന്ന ഫലം അനുസരിച്ച് കോഴിക്കോട് കോർപ്പറേഷനിൽ മാത്രമാണ് ഇടതുമുന്നണി മുന്നിൽ നിൽക്കുന്നത്. ഇവിടെ തന്നെ ഒരു വാർഡിന്റെ മാത്രം ഭൂരിപക്ഷമാണ് നിലവിൽ ഇടതുമുന്നണിക്കുള്ളത്. മേയർ സ്ഥാനാർത്ഥി മുസാഫർ അഹമ്മദ് അടക്കമുള്ള പ്രമുഖർ പരാജയം രുചിക്കുകയും ചെയ്തു.
തിരുവനന്തപുരം കോർപ്പറേഷനിൽ എൽ.ഡി.എഫ് വൻ തിരിച്ചടിയാണ് നേരിട്ടത്. ഇവിടെ എൻ.ഡി.എ ആണ് മുന്നിൽ നിൽക്കുന്നത്. കൊച്ചി, കൊല്ലം, കണ്ണൂർ കോർപ്പേറഷനുകളിലും യു.ഡി.എഫ് ആണ് മുന്നിൽ നിൽക്കുന്നത്. ജില്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് ആണ് മുന്നിൽ നിൽക്കുന്നത്. പതിനാലു ജില്ലാ പഞ്ചായത്തുകളിൽ എട്ടിടത്താണ് യു.ഡി.എഫ് അധികാരത്തിന്റെ അരികിൽ എത്തി നിൽക്കുന്നത്. 82 ബ്ലോക്ക് പഞ്ചായത്തുകളിലും 471 ഗ്രാമ പഞ്ചായത്തുകളിലും യു.ഡി.എഫാണ് അധികാരത്തിൽ എത്തിയിരിക്കുന്നത്. 55 മുനിസിപ്പാലിറ്റികളിലും യു.ഡി.എഫ് ആണ് മുന്നിൽ നിൽക്കുന്നത്. നിരവധി ഗ്രാമ പഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തിരിക്കുന്നു.
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമെന്നും തെറ്റുകൾ തിരുത്തുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെ ജനം തിരസ്കരിച്ചിരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പറഞ്ഞു. വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്റെ അതിന്റെ പ്രതാപകാലത്തേക്ക് തിരിച്ചുകൊണ്ടുവരുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കാണാനാകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.



