മാഡ്രിഡ്– സൂപ്പർ കപ്പിൽ ബാർസലോണയോട് പരാജയത്തിന് പിന്നാലെ കോപ്പ ഡെൽ റേയിൽ റയൽ മാഡ്രിഡിന് അപ്രതീക്ഷിത പുറത്താകൽ. പ്രീ ക്വാർട്ടറിൽ രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽബാസെറ്റെയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ പരാജയപ്പെട്ടത്. സാബി അലോൺസോയ്ക്ക് ശേഷം റയലിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ആൽവാരോ അർബലോവയ്ക്ക് തന്റെ ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. അൽബാസെറ്റെയുടെ ഹോം ഗ്രൗണ്ടായ കാർലോസ് ബെൽമോണ്ടെ സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ വിനിഷ്യസ് ജൂനിയർ, ആർദെ ഗുലർ പോലെയുള്ള മികച്ച താരങ്ങൾ അണിനിരന്നിട്ടും തോൽവി ഒഴിവാക്കാനായില്ല.
42-ാം മിനുറ്റിൽ ജാവി വില്ലറിലൂടെ അൽബാസെറ്റെ ആദ്യം മുന്നിലെത്തിയെങ്കിലും, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫ്രാങ്കോ മസ്താൻറ്റുവോനോയിലൂടെ റയൽ സമനില പാലിച്ചു. 82-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ ജെഫ്‌തെ ബെറ്റാൻകോർ അൽബാസെറ്റെയെ പകരക്കാരനായി ഇറങ്ങിയ ആതിഥേയരെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ ഇഞ്ചുറി സമയത്ത് ഗൊൺസാലോ ഗാർഷ്യ റയലിനായി വല കുലുക്കി മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചു. പക്ഷേ വിസിൽ ഊതാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ജെഫ്‌തെ വീണ്ടും റയലിനെ ഞെട്ടിച്ച് ലക്ഷ്യം കണ്ടതോടെ ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു.
സെക്കൻഡ് ഡിവിഷനിൽ പതിനേഴാം സ്ഥാനക്കാരായ ഇവരോട് ഏറ്റ തോൽവി ആരാധകര്‍ക്കിടയിൽ ഏറെ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്.



