ന്യൂഡൽഹി- തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ടിവികെ അധ്യക്ഷൻ വിജയിയെ അഭിനന്ദിക്കുന്നതിനൊപ്പം, സഖ്യകക്ഷിമായ ഡിഎംകെയെ കൈവിട്ട് വിജയിയെ പിന്തുണച്ച കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തോടുള്ള അത്യാഗ്രഹം കാരണം കോൺഗ്രസ് ഡിഎംകെയെ പിന്നിൽനിന്ന് കുത്തുകയാണ് ചെയ്തതെന്ന് മോദി കുറ്റപ്പെടുത്തി. അതേസമയം, തമിഴ്‌നാട്ടിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി പുതിയ സർക്കാരുമായി കേന്ദ്രം ചേർന്നുപ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് വിജയിനൊപ്പം ഒൻപത് ടിവികെ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ നിലവിൽ കോൺഗ്രസിൽ നിന്ന് ആരും മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ മന്ത്രിമാരുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും ടിവികെക്ക് ഒറ്റയ്ക്ക് ഭരണം പിടിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് അപ്രതീക്ഷിതമായി വിജയിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ തങ്ങളോട് ആലോചിക്കാതെ കോൺഗ്രസ് എടുത്ത ഈ തീരുമാനം ഡിഎംകെയെ ചൊടിപ്പിച്ചു. കോൺഗ്രസിനെതിരെ ഡിഎംകെ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് എന്നീ പാർട്ടികൾ കൂടി പിന്തുണ നൽകിയതോടെയാണ് വിജയ് സർക്കാർ കേവലഭൂരിപക്ഷം ഉറപ്പിച്ചത്. ഡിഎംകെ സഖ്യം വിട്ടുള്ള കോൺഗ്രസിന്റെ ഈ മാറ്റമാണ് ഇപ്പോൾ ദേശീയ തലത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.



