അബഹ – പത്തു ദിവസം മുമ്പ് ദക്ഷിണ സൗദിയിലെ ജിസാന്‍, അസീര്‍, നജ്‌റാന്‍ പ്രവിശ്യകളില്‍ അപ്രതീക്ഷിതമായി വൈദ്യുതി വിതരണം സ്തംഭിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യം അറിയിച്ച് ഉപയോക്താക്കള്‍ക്ക് സൗദി ഇലക്ട്രിസിറ്റി കമ്പനിയില്‍ നിന്ന് എസ്.എം.എസ്സുകള്‍ ലഭിക്കാന്‍ തുടങ്ങി. കഴിഞ്ഞ മാസം 25 ന് ആണ് ദക്ഷിണ സൗദിയിലെ മൂന്നു പ്രവിശ്യകളില്‍ മണിക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങിയത്. ഇതുമൂലം നേരിട്ട പ്രയാസങ്ങള്‍ക്ക് 200 റിയാല്‍ തോതില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ച് അബഹയിലെ ഉപയോക്താക്കള്‍ക്ക് കമ്പനി എസ്.എം.എസ്സുകള്‍ അയക്കാന്‍ തുടങ്ങി. നഷ്ടപരിഹാരത്തുക അടുത്ത വൈദ്യുതി ബില്ലില്‍ കുറക്കുമെന്ന് കമ്പനി അറിയിച്ചു.
വൈദ്യുതി സ്തംഭിച്ച കാലയളവിന്റെ അടിസ്ഥാനത്തിലാണ് ഉപയോക്താക്കള്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കുന്നത്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയമെടുത്ത പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ തുക നഷ്ടപരിഹാരമായി ലഭിക്കും. വൈദ്യുതി സ്തംഭിച്ചതിന് 200 റിയാല്‍ നഷ്ടപരിഹാരം നല്‍കുമെന്നും ഈ തുക അടുത്ത ബില്ലില്‍ കുറക്കുമെന്നും അറിയിച്ച് തനിക്ക് ലഭിച്ച എസ്.എം.എസ് സൗദി പൗരന്‍ സാമൂഹികമാധ്യമത്തിലൂടെ പ്രദര്‍ശിപ്പിച്ചു. വൈദ്യുതി വിതരണം മുടങ്ങിയതു മൂലം നേരിട്ട പ്രയാസങ്ങള്‍ക്ക് താന്‍ കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നില്ല. 200 നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ച് കമ്പനി തനിക്ക് എസ്.എം.എസ് അയക്കുകയായിരുന്നു. സൗദി അറേബ്യയും ഇവിടുത്തെ നിയമങ്ങളും എത്ര മികച്ചതാണെന്ന് നോക്കൂ എന്ന് സൗദി പൗരന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കാലതാമസം നേരിട്ടതിന് ക്ഷമാപണം നടത്തുന്നതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അയച്ച എസ്.എം.എസ് പറഞ്ഞു. സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ച മാനദണ്ഡങ്ങള്‍ പ്രകാരമാണ് 200 റിയാല്‍ നഷ്ടപരിഹാരം നല്‍കുന്നത്. വൈദ്യുതി വിതരണം സ്തംഭിച്ചതുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ താങ്കള്‍ ഉള്‍ക്കൊണ്ടതിനെ വിലമതിക്കുന്നതായും സൗദി ഇലക്ട്രിസിറ്റി കമ്പനി എസ്.എം.എസ്സില്‍ പറഞ്ഞു.
വൈദ്യുതി നിലയങ്ങളില്‍ പെട്ടെന്നുണ്ടായ തകരാര്‍ കാരണം ജനുവരി 25 ന് വൈകീട്ട് 4.01 ന് ആണ് ദക്ഷിണ സൗദിയിലെ മൂന്നു പ്രവിശ്യകളില്‍ വൈദ്യുതി സ്തംഭിച്ചത്. സംഭവത്തില്‍ അന്നു തന്നെ ഉപയോക്താക്കളോട് സൗദി ഇലക്ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തിയിരുന്നു. കമ്പനിയിലെ സാങ്കേതിക സംഘങ്ങള്‍ ഊര്‍ജിത ശ്രമം നടത്തി പടിപടിയായി വൈദ്യുതി വിതരണം പിന്നീട് പുനഃസ്ഥാപിച്ചു.