നജ്‌റാന്‍ – നജ്‌റാന്‍ പ്രവിശ്യയില്‍ പെട്ട ശറൂറയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങിയതു മൂലം പ്രയാസങ്ങള്‍ നേരിട്ട ഉപയോക്താക്കള്‍ക്ക് 2,000 റിയാല്‍ തോതില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഉപയോക്താക്കളുടെ ഫോണുകളിലേക്ക് കമ്പനി എസ്.എം.എസ്സുകള്‍ അയച്ചു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കാലതാമസം നേരിട്ടതിന് മുഴുവന്‍ ഉപയോക്താക്കളോടും കമ്പനി ക്ഷമാപണം നടത്തി. ശറൂറയിലെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും വൈദ്യുതി പുനഃസ്ഥാപിച്ചതായും കമ്പനി അറിയിച്ചു.
സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി തീരുമാനം പാലിച്ചാണ് ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. നഷ്ടപരിഹാരത്തുക ഉപയോക്താക്കള്‍ക്ക് സൗദി ഇലക്ട്രിസിറ്റി കമ്പനിയിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. അക്കൗണ്ടിലെ ഈ ബാലന്‍സ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പുതിയ ബില്ലുകള്‍ അടക്കാന്‍ സാധിക്കും.
സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി നിര്‍ദേശ പ്രകാരം വൈദ്യുതി വിതരണം മുടങ്ങാനുള്ള കാരണങ്ങളും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കാലതാമസത്തിന് ഇടയാക്കിയ വീഴ്ചകളും അശ്രദ്ധകളും നിര്‍ണയിക്കാനും അതോറിറ്റി മേല്‍നോട്ടത്തില്‍ അടിയന്തിര അന്വേഷണം ആരംഭിക്കാന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ചകള്‍ വരുത്തിയവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
ശറൂറയില്‍ വെള്ളിയാഴ്ച വൈദ്യുതി വിതരണം മുടങ്ങിയതില്‍ സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡും ക്ഷമാപണം നടത്തി. ശറൂറയിലെ മുഴുവന്‍ ഉപയോക്താക്കള്‍ക്കുമുള്ള വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. വെള്ളിയാഴ്ച രാവിലെ മുടങ്ങിയ വൈദ്യുതി വിതരണം പിറ്റേദിവസം വൈകീട്ടോടെയാണ് മുഴുവന്‍ ഉപയോക്താക്കള്‍ക്കും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വൈദ്യുതി സേവനം ഉറപ്പാക്കുന്ന മാനദണ്ഡങ്ങള്‍ നടപ്പാക്കാനും ഈ നടപടികള്‍ പത്തു ദിവസത്തിനകം സ്വീകരിക്കാനും സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി.
നഷ്ടപരിഹാര വിതരണത്തിന് ഉപയോക്താക്കളുടെ പരാതിക്കോ അപേക്ഷക്കോ കാത്തിരിക്കരുതെന്നും നിര്‍ദേശമുണ്ട്. വിശ്വസനീയമായ നിലക്ക് സേവനം നല്‍കാനുള്ള സുസജ്ജത ഉറപ്പുവരുത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടതും സേവനം പുനഃസ്ഥാപിക്കാന്‍ കാലതാമസം വരുത്തിയതും കാരണവും, ശറൂറയിലെ ഉപയോക്താക്കള്‍ക്ക് നേരിട്ട പ്രയാസങ്ങള്‍ കണക്കിലെടുത്തുമാണ് ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാര വിതരണത്തിന് നടപടികള്‍ സ്വീകരിക്കുന്നതെന്നും സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.