ജിദ്ദ – കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നിയമവും ട്രേഡ് നെയിം നിയമവുമായും ബന്ധപ്പെട്ട സേവനങ്ങള്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നു വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. പരിഷ്‌കരിച്ച കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍, ട്രേഡ് നെയിം നിയമങ്ങളെ അടിസ്ഥാനമാക്കി ഡാറ്റാ ബേസുകളും നടപടിക്രമങ്ങളും സേവനങ്ങളും പരിഷ്‌കരിക്കാനാണ് സേവനങ്ങൾ നിർത്തിവെക്കുന്നത്.
പുതിയ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ ഇഷ്യു ചെയ്യല്‍, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളില്‍ തിരുത്തലുകള്‍ വരുത്തല്‍, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ പുതുക്കല്‍, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കല്‍, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ ഉടമസ്ഥാവകാശം മാറ്റല്‍, കമ്പനികള്‍ സ്ഥാപിക്കല്‍, കമ്പനി സ്ഥാപന കരാറുകളില്‍ ഭേദഗതികള്‍ വരുത്തല്‍, ട്രേഡ് നെയിം ബുക്ക് ചെയ്യല്‍ എന്നീ സേവനങ്ങളാണ് പ്രധാനമായും ഈ ദിവസങ്ങളില്‍ നിര്‍ത്തിവെക്കുക.

വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് പരാതി നല്‍കാനുള്ള സംവിധാനം, ഓഫറുകള്‍ പ്രഖ്യാപിക്കാനുള്ള ലൈസന്‍സുകള്‍, ഫ്രാഞ്ചൈസി സേവനങ്ങള്‍, ബിസിനസ് സ്റ്റേറ്റ്‌മെന്റുകള്‍ എന്നീ സേവനങ്ങള്‍ മുടക്കമില്ലാതെ തുടരും. നേരത്തെ സൂചിപ്പിച്ച സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിനു മുമ്പായി ഇലക്‌ട്രോണിക് സേവനങ്ങള്‍ വഴിയോ പങ്കാളിത്ത ശാഖകള്‍ വഴിയോ തങ്ങളുടെ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെന്ന് ഉപയോക്താക്കളോട് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.